കൊടുങ്ങല്ലൂർ : മാസങ്ങളായി പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്താൽ, പത്ത് ദിവസത്തിനകം ലഭിച്ചിരുന്നത് ഈയിടെയായി ഒരു മാസം വരെ കഴിഞ്ഞിട്ടാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കളുടെ പരാതി. ഐ.ഒ.സി, ബി.പി.സി.എൽ ഏജൻസികളിൽ നിന്നാണ് താമസം നേരിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐ.ഒ.സി കൊടുങ്ങല്ലൂർ ഏജൻസി ബുക്കിംഗ് സീനിയോറിറ്റി മറികടന്ന് അവരുടെ ഗോഡൗണിൽ നിന്ന് നേരിട്ട് സിലിണ്ടർ വിതരണം ചെയ്യുന്നതായും ഉപഭോക്താക്കൾ പരാതി ഉന്നയിക്കുന്നുണ്ട്. കാലതാമസം സംബന്ധിച്ച് ഓയിൽ കമ്പനികളുടെ അറിയിപ്പുകളൊന്നും മാദ്ധ്യമങ്ങളിൽ കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ സിലിണ്ടർ ബുക്ക് ചെയ്താൽ താമസം കൂടാതെ വിതരണം ചെയ്യാനാവശ്യമായ ക്രമീകരണം നടത്താൻ ഓയൽ കമ്പനി അധികൃതരോടും ആയത് ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് വകുപ്പിനോടും ആപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറം സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.അബ്ദുൾ കാദർ കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.തിലകൻ, ശ്രീകുമാർ ശർമ്മ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, പ്രൊഫ.കെ.അജിത, പി.ആർ.ചന്ദ്രൻ, മൊയ്തീൻകുട്ടി, സുലേഖ ഹമീദ് എന്നിവർ സംസാരിച്ചു.