കയ്പമംഗലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മാരകമാക്കി കയ്പമംഗലം ബസ് സ്റ്റാൻഡിനെ മാറ്റാനുള്ള നീക്കം വിവാദത്തിൽ. എൽ.ഡി.എഫ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് പണി പൂർത്തിയാക്കുകയും കയ്പമംഗലം ബസ് സ്റ്റാൻഡ് എന്ന് നാമകരണവും ചെയ്യപ്പെട്ട ബസ് സ്റ്റാൻഡിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുന്നതെന്നാണ് എൽ.ഡി.എഫിന്റെ ചോദ്യം. യു.ഡി.എഫ് ഭരണ സമിതിയുടെ പേര് മാറ്റൽ നീക്കത്തിനെതിരെ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഇ.ആർ.ജോഷി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെജ്യോതിപ്രകാശ്, നേതാക്കളായ പി.എ.അഹമ്മദ്, എം.ഡി.സുരേഷ്, ടി.വി.സുരേഷ് ബാബു, നൂറുൽ ഹുദ എന്നിവർ സംസാരിച്ചു.