കൊടുങ്ങല്ലൂർ : സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ മോദി സർക്കാർ തീരുമാനിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവർ അറിയിച്ചതായി ബി.ജെ.പി സൗത്ത് സോൺ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ അറിയിച്ചു. ദേശീയപാത അതോറിറ്റി അധികൃതർ പലവട്ടം കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് കത്തെഴുതിയിരുന്നു. നഗരസഭ പ്രദേശത്ത് ദേശീയപാതയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോയെന്ന് മാറി മാറി വന്ന മൂന്ന് എൽ.ഡി.എഫ് നഗരസഭ അദ്ധ്യക്ഷന്മാരോട് ചോദിച്ചിരുന്നു. അപ്പോഴൊന്നും സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപാത വേണമെന്ന ആവശ്യം നഗരസഭ മുന്നോട്ടു വെച്ചില്ല. ഒരു മറുപടിയും കൊടുത്തതുമില്ല. കൊടുങ്ങല്ലൂരിലെ എം.പിയോ, എം.എൽ.എയോ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള നീക്കവും നടത്തിയില്ല. രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, പി.കെ.കൃഷ്ണദാസ് എന്നിവരുമായി കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാക്കൾ നിരന്തരമായി ബന്ധപ്പെട്ട്, വിഷയം ഗൗരവമായി ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് അവർ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി സംസാരിച്ച് കരാറിൽ മാറ്റം വരുത്തി സി.ഐ. ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ തീരുമാനിച്ചതെന്നും ശ്രീകുമാർ അവകാശപ്പെട്ടു.