 
കൊടുങ്ങല്ലൂർ : കടലിൽ നിരോധിത പെലാജിക് വലകൾ ഉപയോഗിച്ച് പെയർ ട്രോളിംഗ് നടത്തിയതിനെ ചൊല്ലി സംഘർഷം. അഴീക്കോട് കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിവരികയായിരുന്ന രണ്ട് ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് ഒൻപത് കിലോമീറ്റർ പടിഞ്ഞാറ് കടലിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കേന്ദ്ര സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുള്ള പെലാജിക് നെറ്റ് ഉപയോഗിച്ച് പെയർട്രോളിംഗ് നടത്തിവരികയായിരുന്ന കർണാടക രജിസ്‌ട്രേഷനുള്ള രണ്ട് ബോട്ടുകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ അഴീക്കോട് തീരദേശ പൊലീസും ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരുമെത്തിയത് മണിക്കൂറുകൾ കഴിഞ്ഞിട്ടാണെന്ന് ആരോപിച്ച് അഴീക്കോട് ഫിഷറീസ് ഓഫീസിന് മുമ്പിൽ തൊഴിലാളികൾ പ്രതിഷേധമുയർത്തി.
ഏറെ വാക്കുതർക്കത്തിനൊടുവിൽ അഴീക്കോട് തീരദേശ പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്ര സ്വദേശികളായ 12 തൊഴിലാളികളാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത്.
പിടിച്ചെടുത്ത മീനുകൾ അടുത്തദിവസം ലേലം ചെയ്യും. ഇതുവഴി ലഭിക്കുന്ന പണം സർക്കാരിലേക്ക് അടയ്ക്കുമെന്നും എന്തെല്ലാം നിയമലംഘനം നടത്തിയിട്ടുണ്ടോ അതിന്റെ മുഴുവൻ പേരിലും നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി. അനധികൃത മത്സ്യബന്ധവും അതേത്തുടർന്നുണ്ടാകുന്ന സംഘർഷവും തടയാൻ പൊലീസും ഫിഷറീസ് വകുപ്പും കടൽ പട്രോളിംഗ് ശക്തമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് വഴിയൊരുക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
മൂന്ന് നിയമവിരുദ്ധകാര്യങ്ങൾ
1. ബോട്ടുകൾക്ക് ഫിഷിംഗ് പെർമിറ്റ് ഇല്ല
2. നിയമപരമായി പിടിക്കാൻ പാടില്ലാത്ത ചെറുമീനുകൾ ഉൾപ്പെടെ പലവക മീനുകൾ
3. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന മൂന്ന് നിരോധിത പെലാജിക് നെറ്റ്