കയ്പമംഗലം: ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ് ) അംഗീകാര നിറവിൽ കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം. ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിൽ 97.89 ശതമാനം എന്ന മികച്ച മാർക്ക് കരസ്ഥമാക്കിയാണ് കയ്പമംഗലം അംഗീകാരം നേടിയത്. ഒ.പി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, ഇൻഫെക്‌ഷൻ കൺട്രോൾ, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് ആരോഗ്യകേന്ദ്രങ്ങൾക്ക് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. എൻ.ക്യു.എ.എസ്, ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.