കോലഴി : തിരൂർ ആട്ടോർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം.എ.ഡി.വികാസ് രാജ്, നിജ ജയകുമാർ, സുനിത വിജയഭാരത്, ഉഷ രവീന്ദ്രൻ, അരുൺ ഗോപി, സി.രാകേഷ്, ബീന രാധാകൃഷ്ണൻ, നിജ ജയകുമാർ, എം.കെ.പ്രഭാകരൻ, എം.ആർ.കൃഷ്ണൻകുട്ടി, വി.ആർ.രാജൻ, എം.ആർ.അനു എന്നിവർ സംസാരിച്ചു. നിലവിൽ പുറമ്പോക്ക് സർവേ നടപടികൾ പൂർത്തീകരിച്ച് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിക്കാവുന്ന ഘട്ടത്തിലാണ്.
നവീകരണം അഞ്ച് കോടി ചെലവിൽ
ശബരിമല പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണ് 3.98 കിലോമീറ്റർ റോഡ് പുറമ്പോക്ക് ഒഴിപ്പിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിലുള്ള നിലവിലെ റോഡ് വീതികൂട്ടി ഏഴ് മീറ്റർ മുതൽ ഒമ്പത് മീറ്റർ വീതിയിലാണ് നവീകരിക്കുക. ഇരുഭാഗത്തുമായി 1000 മീറ്റർ നീളത്തിൽ കാന നിർമ്മാണം, നാല് കൾവെർട്ടുകൾ പുതുക്കിപ്പണിയൽ, ഇരുഭാഗത്തുമായി 540 മീറ്റർ ഐറിഷ് കാന, 50 മീറ്റർ ഇന്റർലോക്ക് ടൈൽ വിരിക്കൽ, റോഡ് മാർക്കിംഗുകൾ, റോഡ് സുരക്ഷാ പ്രവൃത്തികൾ ഉൾപ്പെടെയാണ് നിർമ്മാണം.