തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ സെൻസസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം അഞ്ച് പഞ്ചായത്തുകളിൽ സംവരണ സീറ്റുകൾ നഷ്ടപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷൈൻ നാട്ടിക വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നിവർക്ക് പരാതി നൽകി. തളിക്കുളം ബ്ലോക്കിലെയും അഞ്ച് പഞ്ചായത്തുകളുടെയും പട്ടികജാതിക്കാർക്ക് നീതിയും അവകാശവും ലഭിക്കുന്നതുവരെ തിരഞ്ഞെടുപ്പ് നടപടികൾ നിറുത്തിവയ്ക്കണമെന്നും 15ന് കളക്ടറേറ്റിൽ നടക്കുന്ന തളിക്കുളം ബ്ലോക്കിലെ സംവരണ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. നാട്ടിക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റാനിഷ് കെ.രാമൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.സുകുമാരൻ, ബ്ലോക്ക് സെക്രട്ടറി സി.കെ.ഉല്ലാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.