വെള്ളാങ്കല്ലൂർ : കേരളത്തിലെ കുട്ടികൾ കഴിവുള്ളവരായിട്ടും വിജ്ഞാന സമ്പാദനത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തത് ഒരു കുറവാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ മുൻ തലവൻ ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. പഠനവും ഗവേഷണവും ജീവിതസപര്യയാക്കിയ ശാസ്ത്രജ്ഞയായിരുന്ന അകാലത്തിൽ അന്തരിച്ച ഡോ.ഷാഹിന മുംതാസ്. കേരളത്തിലെ കുട്ടികൾക്ക് മാതൃകയാകുന്ന വ്യക്തിത്വമായിരുന്നുവെന്നും ഡോ.തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം നെതർലാൻഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ പി.എച്ച്.ഡി നേടി. അവിടെത്തന്നെ നിയമപഠനം പൂർത്തിയാക്കി ബൗദ്ധികസ്വത്തവകാശ അഭിഭാഷകയായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഡോ.ഷാഹിന. രോഗബാധിതയായി 44ാം വയസിൽ മരണമടഞ്ഞ ഡോ.ഷാഹിനയുടെ സ്മരണാർത്ഥം കരൂപ്പടന്നയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ വീഡിയോ സന്ദേശം വഴി സംസാരിക്കുകയായിരുന്നു ഡോ.തുമ്മാരുകുടി. എം.രാജേഷ് അദ്ധ്യക്ഷനായി. കെ.ജെ.ജേക്കബ്, കെ.വി.അബ്ദുൾ ഖാദർ, അഡ്വ.ജെയ്‌മോൻ ആൻഡ്രൂസ്, പി.കെ.ഡേവിസ്, ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, നിഷ ഷാജി, ഫസ്‌ന റിജാസ്, പ്രൊ.വി.പി.ആന്റു, തുമ്പൂർ ലോഹിതാക്ഷൻ, എം.എസ്.സദാനന്ദൻ, ജിതിൻ രാജ്, ഖാദർ പട്ടേപ്പാടം എന്നിവർ പ്രസംഗിച്ചു.