തൃശൂർ : കോർപറേഷന് കീഴിലുള്ള രാമവർമ്മപുരം ഇ.എം.എസ് ഫ്‌ളാറ്റിൽ സെപ്റ്റിക് ടാങ്ക് പൊട്ടി മലിന ജലം പുറത്തേയ്ക്ക് ഒഴുകുമ്പോഴും നിസംഗ ഭാവത്തിൽ അധികൃതർ. സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷൻ അവാർഡ് നേടിയ കോർപറേഷന്റെ അനാസ്ഥ മൂലം ഫ്‌ളാറ്റിലെ കുട്ടികളും മുതിർന്നവരും രോഗ ഭീഷണിയിലാണ്. പൊട്ടിപ്പൊളിഞ്ഞ് വിണ്ടു കീറിയ ഫ്‌ളാറ്റിന്റെ ചുമരുകൾ താമസക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ശുദ്ധജലത്തിന്റെ അപര്യാപ്തതയും ഏറെയാണ്. മലിന ജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് കൃത്യമായി പ്രവർത്തിക്കുന്നില്ല. അറുപതിലധികം കുടുംബങ്ങളാണ് ഈ ഫ്‌ളാറ്റിലുള്ളത്. ശരിയാക്കും എന്ന കോർപറേഷന്റെ വാക്കിനോട് ഇവിടെ താമസിക്കുന്നവർക്ക് ഇപ്പോൾ നിസംഗതയാണ്.
ദുരിതം പരിഹരിക്കണമെന്ന് കോൺഗ്രസ്
രാമവർമ്മപുരം ഇ.എം.എസ് ഫ്‌ളാറ്റിൽ താമസിക്കുന്നവരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഫ്‌ളാറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അദ്ധ്യക്ഷനായി. എം.എസ്.ശിവരാമകൃഷ്ണൻ, പി.ശിവവശങ്കരൻ, എം.സി.ഗ്രേസി, അലാവുദ്ദീൻ, പി.കെ.രാധാകൃഷ്ണൻ, കെ.വി.ബൈജു, പി.ജി.സൗരാഗ്, ടി.എസ്.അരുൺ, ജിസൻ, രജേഷ് എന്നിവർ നേതൃത്വം നൽകി.