p-rajeev

തൃശൂർ: വനിതാ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കെത്തിക്കാനായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. കേരള വുമൺ എന്റർപ്രണേഴ്‌സ് കോൺക്ലേവ് 2025 ലുലു കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനം സ്ത്രീകളാണ്. ആയിരം സംരംഭങ്ങളെ ശരാശരി നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'മിഷൻ 1000' പദ്ധതിയാണ് വ്യവസായ വകുപ്പിനുള്ളത്. 444 സംരംഭങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്തു. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാനായി ' മിഷൻ 10,000' പദ്ധതിയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50 ശതമാനം വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ നൂറ് ശതമാനം സംരംഭം തുടങ്ങാനാകും. സംരംഭകർക്ക് വേണ്ട നൈപുണ്യവികസനവും സർക്കാർ ഉറപ്പാക്കും. ഉൽപന്നങ്ങൾ വിദേശ എക്‌സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു സംരംഭകരുമായി ആശയവിനിമയം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി.