
മലക്കപ്പാറ: വാൽപ്പാറയിൽ വീടിന് നേരെ കാട്ടാനയാക്രമണം.രണ്ടര വയസുകാരിക്കും മുത്തശിക്കും ദാരുണാന്ത്യം.വാൽപ്പാറ സ്വദേശിയായ മാരിമുത്തുവിന്റെ മകൾ ഹേമശ്രീ,മാരിമുത്തുവിന്റെ അമ്മ അസ്ല (55) എന്നിവരാണ് മരിച്ചത്.ഇന്നലെ പുലർച്ചെ 3നായിരുന്നു സംഭവം.കോയമ്പത്തൂരിലെ വാൽപ്പാറ വാട്ടർഫാൾ എസ്റ്റേറ്റിലെ ലയത്തിലാണ് ആനകളെത്തി ആക്രമണം നടത്തിയത്.
പുലർച്ചെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു വീട്ടുകാർ.മലയിറങ്ങി വന്ന ആനകൾ വീടിന്റെ പിൻഭാഗത്തായിരുന്നു ആക്രമണം നടത്തിയത്.ജനൽ തകർത്തപ്പോൾ ഞെട്ടിയുണർന്ന അസ്ല ഉറങ്ങിക്കിടന്ന കുട്ടിയെ വാരിയെടുത്ത് മുൻവാതിൽ തുറന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു.ഈ സമയത്താണ് മുൻഭാഗത്ത് നിന്ന് ആന ഇവരെ തട്ടിത്തെറിപ്പിച്ചത്.താഴെ വീണ കുട്ടിയെ ചവിട്ടുകയും ചെയ്തു. ഇതിനിടെ മാരിമുത്തു പാട്ടകൊട്ടിയും നിലവിളിച്ചും ബഹളം വച്ചതോടെ ആനക്കൂട്ടം പിന്തിരിഞ്ഞു.
എന്നാൽ സംഭവം പുറത്തറിയാൻ ഏറെ വൈകി.ഭയന്നുവിറച്ച മാരിമുത്തു പുറത്തിറങ്ങിയില്ല.നേരം പുലർന്നശേഷമാണ് എസ്റ്റേറ്റ് തൊഴിലാളികളെത്തി ഇരുവരെയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.എന്നാൽ ഹേമശ്രീ സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അസ്ലയുടെ മരണം.കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് അസ്ലയുടെ മരണകാരണമെന്ന് പറയുന്നു.മാരിമുത്തുവിന്റെ ലയം ഒറ്റപ്പെട്ട സ്ഥലത്താണ്. ഇവിടെ മറ്റൊരു മുറിയിൽ ആൾത്താമസവുമില്ല. ഇക്കാരണത്താലാണ് സംഭവം പുറത്തറിയാൻ വൈകിയത്. പോസ്റ്റുമോർട്ടത്തിന് ശേഷമെത്തിച്ച മൃതദേഹങ്ങൾ സംസ്‌കരിച്ചു.