bus

ചാലക്കുടി: അർബുദത്തെത്തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ച കോടശ്ശേരിയിലെ പതിനൊന്നുകാരൻ നവനീതിന്റെ ചികിത്സാർത്ഥം ചാലക്കുടിയിൽ സ്വകാര്യ ബസുകൾ കാരുണ്യ ഓട്ടം സംഘടിപ്പിച്ചു. ചാതേലി ഗ്രൂപ്പിന്റെ മൂന്ന് ബസുകളാണ് തിങ്കളാഴ്ച നവനീതിന് വേണ്ടി ഓടിയത്. യാത്രക്കാർ നൽകുന്ന ടിക്കറ്റ് ചാർജും അധികം സഹായധനവും മൊത്തമായി ഫണ്ടിലേയ്ക്ക് നൽകും. സൗത്ത് ബസ് സ്റ്റാൻഡിൽ കാരുണ്യ യാത്ര സനീഷ് കുമാർ ജോസഫ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനറൽ കൺവീനർ ശിവൻ ഈശ്വരത്ത് സംസാരിച്ചു. സമിതി ചെയർമാൻ പി.സി.നിഖിലിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ പ്രത്യേകം കൗണ്ടർ തുറന്ന് സംഭാവനകൾ സ്വീകരിച്ചു. ഇടപിള്ളി അമൃത ആശുപത്രിയിൽ കഴിയുന്ന നവനീതിന്റെ ശസ്ത്രക്രിയയ്ക്ക് 70 ലക്ഷം രൂപയാണ് ആവശ്യം.