ചേലക്കര: കായിക അദ്ധ്യാപകരില്ലാത്ത ഉപജില്ല സ്‌കൂൾ കായികമേള ചേലക്കരയിലും താളം തെറ്റുന്നു. ഇന്നലെ നടത്തിയ പല മത്സരങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സംഘാടകർക്കാകുന്നില്ല. വെളിച്ചത്തു നടത്തേണ്ട ജാവലിൻ ത്രോ വരെ ഇന്നലെ മങ്ങിയ ഇരുട്ടിൽ നടത്തിയത് വിവാദമായിരുന്നു. പ്രതിഷേധത്തെ തുടർന്ന് നടത്തിവന്നിരുന്ന ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരം ഇന്നത്തേക്ക് മാറ്റി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായിക അദ്ധ്യാപകർ സമരത്തിലായതിനാൽ ബദൽ സംവിധാനം ഒരുക്കിയാണ് കായികമേളകൾ സംഘടിപ്പിക്കുന്നത്.