വടക്കാഞ്ചേരി: പാതയോരത്തെ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിച്ചും തൊഴുത്തിൽ അന്തിയുറങ്ങിയും ദുരിതപർവം താണ്ടി കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തെക്കുംകര കാര്യാട് ദുബായ് റോഡിൽ കുണ്ടുകാട്ടുപറമ്പിൽ രാജീവ് - സജിത ദമ്പതികളുടെ മകൻ അഭിനവിന് ഒടുവിൽ സ്വപ്നസാഫല്യത്തിന്റെ സുന്ദര ഭവനം. 2025 മേയ് 12ന് കേരളകൗമുദി ലോകത്തെ അറിയിച്ച വാർത്തയെ തുടർന്ന് ഒഴുകിയെത്തിയ സഹായങ്ങൾക്കൊടുവിൽ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി കെ.പി.സി.സി 1000 ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ രാഹുൽജി ഭവനത്തിലേക്കുള്ള ഗൃഹപ്രവേശനം 17ന് നടക്കും. വൈകീട്ട് നാലിന് പുന്നംപറമ്പ് സെന്ററിൽ നടക്കുന്ന സമർപ്പണ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യാതിഥിയാകും. മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ മാത്യു അദ്ധ്യക്ഷനാകും.
2018ലെ പ്രളയമാണ് മുത്തച്ഛനും മുത്തശിയും അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ കൊച്ചുവീട് കവർന്നത്. നിലവിൽ വടക്കാഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഭിനവ്. പ്ലസ് ടുവിന് ശേഷം അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എ.സി.സി.എ) കോഴ്‌സ് പഠിക്കാനാണ് താൽപ്പര്യം.