1
1

വടക്കാഞ്ചേരി : തെക്കുംകര പനങ്ങാട്ടുകര മുഹമ്മദ് നബി ദിനം (എം.എൻ.ഡി) എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ കേരളത്തിന് പകർന്നുനൽകുന്നത് നന്മയുടെ പുതുസന്ദേശം. നെൽക്കൃഷിയെ തൊട്ടറിയാൻ ചേറിന്റെ ഗന്ധം അനുഭവിച്ചറിഞ്ഞ് ഉച്ചക്കഞ്ഞിക്കുള്ള അരി സ്വയം ഉത്പാദിപ്പിക്കാൻ ഒരേ മനസോടെ അവർ രംഗത്തിറങ്ങിയപ്പോൾ രചിക്കപ്പെട്ടത് പുതുചരിത്രം. നെൽക്കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക, കൃഷി പുതിയ തലമുറയിൽ ഒരു സംസ്‌കാരമായി മാറ്റുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി ഞങ്ങളും പാടത്തേക്ക് എന്ന സന്ദേശവുമായാണ് സ്‌കൂളിന് സമീപമുള്ള കല്ലംപാറ പ്ലാനി പാടശേഖരത്തിൽ ചേനോത്ത് പറമ്പ് ഷെയ്ക്ക് ഹസന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലം കുരുന്നുകൾ പാട്ടത്തിനെടുത്തത്. അദ്ധ്യാപകർ, പി.ടി.എ, എം.പി.ടി.എ കമ്മിറ്റികൾ പൂർണ പിന്തുണയുമായി രംഗത്തെത്തി. സ്‌കൂളിൽ നിന്ന് ഘോഷയാത്രയായി പാടശേഖരത്തിലെത്തി. ഉമവിത്ത് ഉപയോഗിച്ച് തയ്യാറാക്കിയ നെൽച്ചെടികൾ (ഞാറ്) കുട്ടികൾ പാടശേഖരത്തിലെ ചേറിലാഴ്ത്തിയപ്പോൾ ആഹ്ലാദം വാനോളമായി. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് എം.ബി.പ്രസാദ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ശീതൾ റോസ് ചാക്കോ, പ്രധാനാദ്ധ്യാപിക സി.രേഖ, ഷിനി രാജേഷ്, എം.എ.ശാന്തി, എം.എസ്.പുരുഷോത്തമൻ, ഐ.ഹബീബ് , ഷെയ്ക്ക് ഹസൻ എന്നിവർ സംസാരിച്ചു.

തരിശ് ഭൂമികളിൽ കൃഷിയിറക്കും

വന്യമൃഗ ശല്യം മൂലം തരിശായി കിടക്കുന്ന സ്‌കൂൾ പരിസരത്തെ പാടശേഖരങ്ങളിൽ അടുത്ത വർഷം കൃഷിയിറക്കും. പൂർണമായും ജൈവക്കൃഷിയാണ് അവലംബിക്കുക. തുടർന്ന് വരുന്ന കളപറിക്കൽ, വളമിടൽ, കൊയ്ത്ത് എന്നിവയിലെല്ലാം കുട്ടികളെ സജീവമായി പങ്കെടുപ്പിക്കും. നെൽക്കൃഷി അന്യം നിന്ന് പോകാതിരിക്കാനുള്ള വലിയ പോരാട്ടത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് വരവൂർ ഗവ. സ്‌കൂൾ മുൻ പ്രിൻസിപ്പലും ഒ.എസ്.എ പ്രസിഡന്റും എം.ബി.പ്രസാദ് പറഞ്ഞു.

ജൈവക്കൃഷി