
മുളങ്കുന്നത്തുകാവ്: രോഗമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുകയെന്നതാവണം ആരോഗ്യസംരക്ഷകരുടെ ലക്ഷ്യമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ 21-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. നമ്മുടെ നാട്ടിൽ ഭിഷഗ്വര രോഗി അനുപാതം തൃപ്തികരമല്ല. നല്ല ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയെന്നതാകണം പഠനോദ്ദേശ്യം. അതിനായി ആധുനിക വൈദ്യശാസ്ത്രത്തെയും പാരമ്പര്യ ചികിത്സാരീതികളെയും അവലംബിക്കാം. ജനങ്ങൾ വൈദ്യശാസ്ത്രജ്ഞരെ അത്യുന്നത വ്യക്തിത്വങ്ങളായി കണക്കാക്കുന്നു. ഗ്രാമങ്ങളിൽ വരെ സേവനം എത്തിച്ചേരേണ്ടതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജിൽ പഠനം പൂർത്തീകരിച്ച 17,062 പേർക്കുള്ള ബിരുദ പ്രഖ്യാപനം നടന്നു. ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി നേടിയ 2,099 (പി.ജി: 2,093, പി.എച്ച്.ഡി: 6) പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്ക് നേടിയ 12 വിദ്യാർത്ഥികളെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. രണ്ടാംവർഷ എം.ബി.ബി.എസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയ തൃശൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ അരുൺ ജയ് വാര്യർക്ക് ഡോ.സി.കെ.ജയറാം പണിക്കർ അവാർഡ് നൽകി. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ സി.പി.വിജയൻ, രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ.എസ്.അനിൽ കുമാർ, ഫിനാൻസ് ഓഫീസർ എം.എസ്.സുധീർ തുടങ്ങിയവരും അറുന്നൂറോളം വിദ്യാർത്ഥികളും പങ്കെടുത്തു.