അന്തിക്കാട്: മുറ്റിച്ചൂർ എ.എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ നിരന്നത് 50ലധികം നാടനും വിദേശിയവുമായ ഭക്ഷണവിഭവങ്ങൾ. നാടൻ വിഭവങ്ങളായ ഉപ്പുമാവ്, കൊഴുക്കട്ട, കിണ്ണത്തപ്പം, റവ കേസരി, അരിയുണ്ട, റാഗി അട, ക്യാരറ്റ് ഹൽവ തുടങ്ങി കസ്റ്റേഡ് പുഡിങ്ങ്, പിസ്ത ഷെയ്ക്ക് വരെയുണ്ടായി. എൽ.പി വിഭാഗം കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
രുചിയൂറും വിഭവങ്ങളുമായി അഞ്ചോളം കൗണ്ടറുകൾ ഒരുക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്. കുട്ടികൾ പാകം ചെയ്തു കൊണ്ടുവന്ന വിവിധതരം ജ്യൂസുകളും ലഘുഭക്ഷണ സാധനങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയും മേളയിലെ ആകർഷണങ്ങളായി. തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ വിദ്യാർത്ഥികൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും വിളമ്പി. പി.ടി.എ പ്രസിഡന്റ് സർജു ജിബിൻ മേള ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ ബൈജു ജോർജ് അദ്ധ്യക്ഷനായി. തസ്‌നി അൻഷാബ്, ഫസ്‌ന അദീബ്, അമൂല്യ ചന്ദ്രൻ, കെ.സൂട്ടി, ശ്രീലക്ഷ്മി, സബിത എന്നിവർ നേതൃത്വം നൽകി.