തളിക്കുളം: പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമുള്ള പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം സി.സി.മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളിലെയും കൗമാരക്കാരായ പെൺകുട്ടികളിലെയും ഹീമോ ഗ്ലോബിന്റെ അപര്യാപ്തത കണ്ടെത്തി പരിഹരിക്കാനാവശ്യമായ പോഷകാഹാര കിറ്റാണ് വിതരണം ചെയ്തത്. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, ഈത്തപ്പഴം, അയേൺ ടാബ്ലറ്റ് എന്നിവയടങ്ങിയതാണ് കിറ്റ്. നാലുവർഷമായി 1200ൽ അധികം സ്ത്രീകൾക്കും കുട്ടികൾക്കും കിറ്റുവിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, കെ.കെ.സിന്ധു, പി.കെ.അനിത, ബുഷറ അബ്ദുൽ നാസർ, സന്ധ്യ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.