1
1

വടക്കഞ്ചേരി : ജില്ലാ ആശുപത്രിയിൽ 18.23 കോടിയുടെ വികസന പദ്ധതികളിൽ പലതും മുടന്തിനീങ്ങുന്നു. 8.35 കോടി ചെലവഴിച്ചുള്ള അത്യാഹിത വിഭാഗം ഓപ്പറേഷൻ തിയേറ്റർ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാംഘട്ട നിർമ്മാണം വർഷം നാല് പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. രണ്ട് നില പൂർത്തിയായെങ്കിലും നിർദ്ദിഷ്ട മൂന്നാംനിലയിലേക്കെത്തിയിട്ടില്ല.

1.52 കോടിയിൽ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. താഴത്തെ നില വാഹന പാർക്കിംഗിനും മുകളിൽ ഒരു നിലയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ലേബർ റൂം വികസനത്തിന്റെ ഭാഗമായി 2.29 കോടി ചെലവിൽ പുതിയ കെട്ടിട നിർമ്മാണത്തിന്റെയും പണി 80 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. ഫ്‌ളോറിംഗ്, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനവും ഇഴയുകയാണ്.

പ്രവൃത്തി വൈകുന്നതിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം മൂന്ന് മാസത്തിനുള്ളിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്നാണ് അധികൃതരുടെ നിലപാട്.

21-22 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി 1.78 കോടി ചെലവഴിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിലും അറ്റകുറ്റപ്പണി ബാക്കിയുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. പ്ലാന്റ് വന്നതോടെ വർദ്ധിച്ച വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട് 89.20 ലക്ഷം ചെലവഴിച്ച് ഹൈടെൻഷൻ കണക്‌ഷൻ, 400 കെ.വി ട്രാൻസ്‌ഫോർമർ, പുതിയ കേബിളുകൾ, 250 കിലോവാട്ട് ജനറേറ്റർ എന്നിവ സ്ഥാപിച്ചിരുന്നു. പൂർണമായി റീവയറിംഗ് നടത്തി. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനം. ഒരു ഷിഫ്റ്റിൽ 8 രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം 14 ആക്കി ഉയർത്തി നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

ലക്ഷ്യം തെറ്റി ലക്ഷ്യ

ലേബർ റൂമുകളിലും മെറ്റേണിറ്റി ഓപ്പറേഷൻ തിയേറ്ററുകളിലും പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് (ലക്ഷ്യ) പദ്ധതി പാതിവഴിയിലാണ്. പ്രസവത്തിനിടയിലെ മരണനിരക്ക് കുറക്കുക, പ്രസവ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലക്ഷ്യ ആരംഭിച്ചത്. 2.29 കോടിക്ക് കോസ്റ്റ് ഫോർഡാണ് കരാറെടുത്തത്.

വികസനവാതിൽ തുറന്ന്

ഐ.പി ബ്ലോക്ക് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം

2 കോടി

നിലവിൽ 117 അംഗീകൃത കിടക്കകൾ

പ്രവേശിപ്പിക്കുക 98 രോഗികളെ

പ്രതിദിന ഒ.പി 1500