പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ച് നോട്ടീസ് കത്തിച്ചു. പഞ്ചായത്തീരാജ് നഗരപാലിക ബിൽ അനുസരിച്ച് കമ്മിറ്റി വിളിക്കുന്നതിന് മൂന്ന് മുതൽ ഏഴ് വരെ അവധിയില്ലാത്ത ദിവസങ്ങളുടെ മുൻകൂർ നോട്ടീസ് പഞ്ചായത്ത് പ്രസിഡന്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ അടിയന്തര പ്രാധാന്യമില്ലാത്ത കമ്മിറ്റി പാതിരാത്രിയിൽ വാട്‌സ്ആപ്പ് സന്ദേശം വഴി അറിയിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടത്തിയത്.
ചട്ടവിരുദ്ധമായി യോഗം വിളിച്ചത് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ വിശദീകരണം നൽകാതെ ഏകാധിപത്യപരമായി പ്രസിഡന്റ് പെരുമാറിയെന്നും ചട്ടം ചൂണ്ടിക്കാട്ടി വിയോജനക്കുറിപ്പ് എഴുതിക്കൊടുത്ത് പ്രതിപക്ഷ അംഗങ്ങൾ സഭ വിടുകയായിരുന്നുവെന്നും യു.ഡി.എഫ് മെമ്പർമാർ പറഞ്ഞു.
തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ അജണ്ട കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് ബാബു തോമസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.പി.ചാക്കോച്ചൻ, ഷൈജു കുരിയൻ, സി.എസ്.ശ്രീജു, സുശീല രാജൻ എന്നിവർ പങ്കെടുത്തു.