 
കയ്പമംഗലം: നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, പഞ്ചായത്തംഗം സി.ജെ.പോൾസൺ, ലിറ്റി ജോർജ്, വിന്നി പോൾ, ഐഡ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
നിരന്തര പൊട്ടലിന് പരിഹാരം
40 വർഷം പഴക്കമുള്ള 500 എം.എം പ്രിമോ പൈപ്പുകൾ മാറ്റി പകരം 700 എം.എം ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി നിരന്തരമായി ഉണ്ടാകാറുള്ള റോഡ് തകർച്ചയ്ക്കും കുടിവെള്ളം പാഴാകലിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകും.ചളിങ്ങാട് ആർ.സി.യു.പി സ്‌കൂൾ പരിസരത്തുനിന്നാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുക. വാട്ടർ അതോറിറ്റിയും കിഫ്ബിയും ചേർന്നാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിലെ സി.വി.സെന്റർ മുതൽ മതിലകം വരെയുള്ള പ്രദേശങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 20 കോടിയുടെ ടെൻഡർ അംഗീകരിച്ച് ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.