photo-
1

മാള : മാള പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖരത്തിൽ വെള്ളക്കൊക്കിനൊപ്പം കറുത്ത കൊക്കുകളുടെ (ഗ്ളോസി ഐബിസ്) കൂട്ടപ്പറക്കൽ. ഒരാഴ്ച മുമ്പ് വരെ വെള്ളക്കൊക്കുകളുടെ ആധിപത്യമുള്ള ഈ പാടത്ത്, കഴിഞ്ഞ രണ്ടുദിവസമായി കറുത്ത കൊക്കുകൾ കൂട്ടമായെത്തിയത് പക്ഷിനിരീക്ഷകരിൽ ആവേശം നിറച്ചു. സാധാരണ രണ്ടുമൂന്ന് കറുത്ത കൊക്കുകളെയേ ഈ പാടശേഖരങ്ങളിൽ കാണാറുള്ളൂ. ഇങ്ങനെ കൂട്ടമായെത്തുന്നത് അപൂർവമാണെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. നീളം കൂടിയ വളഞ്ഞ കൊക്ക്, നീണ്ടകാലുകൾ, ഇരുണ്ട തവിട്ടും പച്ചയും ചേർന്ന തൂവലുകൾ ഇവയാണ് കറുത്ത കൊക്കുകളുടെ പ്രധാനസവിശേഷതകൾ. സൂര്യപ്രകാശത്തിൽ ഇവയുടെ തൂവലുകൾ മിന്നിത്തിളങ്ങും. ഭാഗികമായി കുടിയേറ്റ സ്വഭാവമുള്ള ഈ പക്ഷികൾ ജലനിരപ്പിന് അനുസരിച്ച് സ്ഥലംമാറാറുണ്ട്. വെള്ളം കുറയുമ്പോൾ വെള്ളം നിറഞ്ഞ പാടശേഖരങ്ങളിലേക്കും തടാകങ്ങളിലേക്കും നീങ്ങും. ചതുപ്പുകൾ, നദിതീരങ്ങൾ, കാടുകൾ എന്നിവയാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ചെറുമത്സ്യങ്ങൾ, വെള്ളത്തിലെ പുഴുക്കൾ, ചിപ്പികൾ എന്നിവയാണ് പ്രധാന ആഹാരം. കൂട്ടമായി പറക്കാനും ആഹാരം ശേഖരിക്കാനും ഇഷ്ടമുള്ള ഇവയെ കേരളത്തിലെ പാടശേഖരങ്ങളിലും തീരപ്രദേശങ്ങളിലും കാണാം.
വെള്ളത്തിൽ അധികമായി പെരുകുന്ന കീടങ്ങളെയും പുഴുക്കളെയും ഭക്ഷിക്കുന്നതിനാൽ പരിസ്ഥിതിക്ക് ഗുണകരമാണ്. ട്രാക്ടർ ഉപയോഗിച്ച് ഉഴുകുമ്പോൾ പുറത്തുവരുന്ന പുഴുക്കളെയും ചെറുപ്രാണികളെയും പിടിക്കാൻ ഇവ ട്രാക്ടറിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് മനോഹര കാഴ്ചയാണ്.