കൊടുങ്ങല്ലൂർ : മരം മുറി വിവാദത്തിൽ ആരോപണ വിധേയയായ ബി.ജെ.പി കൗൺസിലർ രഞ്ജിത രാജീവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ യോഗത്തിൽ എൽ.ഡി.എഫ് പ്രമേയം. പ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്കിടയിൽ സ്വർണ്ണപ്പാളിയെ ചൊല്ലിയുള്ള വാക്കുതർക്കം ബഹളത്തിൽ കലാശിച്ചു. കൗൺസിൽ യോഗം ആരംഭിച്ചയുടനെ സൊസൈറ്റി വാർഡ് കൗൺസിലർ രഞ്ജിത രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സി.പി.എം കൗൺസിലർ ഇ.ജെ.ഹിമേഷാണ് അവതരിപ്പിച്ചത്.
ഈ സമയം എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യം ഉന്നയിച്ചുള്ള ബാനർ ഉയർത്തിപ്പിടിച്ചു. പ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്കിടയിൽ ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയം ബി.ജെ.പി കൗൺസിലർ രശ്മി ബാബു പരാമാർശിച്ചു. ഇതിനെ സി.പി.എം കൗൺസിലർ പി.എൻ.വിനയചന്ദ്രൻ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കം ബഹളത്തിൽ കലാശിച്ചു. ബഹളം മൂർച്ഛിച്ചതോടെ ചെയർപേഴ്‌സൻ ടി.കെ.ഗീത പ്രമേയവും അജണ്ടകളും പസായതായി അറിയിച്ച് യോഗം പിരിച്ചുവിട്ടു.
മോഷണക്കുറ്റം, സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ ചേർത്ത് കേസെടുത്ത സാഹചര്യത്തിൽ രഞ്ജിത രാജിവയ്ക്കണമെന്ന് ചെയർപേഴ്‌സൺ ടി.കെ.ഗീതയും വൈസ് ചെയർമാൻ അഡ്വ.വി.എസ്.ദിനലും ആവശ്യപ്പെട്ടു. വാസ്തവവിരുദ്ധമായ ആരോപണങ്ങൾ നിരത്തി രഞ്ജിതയെ താറടിക്കാനുള്ള ഇടതുപക്ഷത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് ടി.എസ്.സജീവനും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവനും ആരോപിച്ചു.