തൃശൂർ: 5013 അതിദരിദ്രർക്ക് ആനുകൂല്യവും സഹായവും ഉറപ്പാക്കി ലക്ഷ്യം നൂറ് ശതമാനം പൂർത്തീകരിച്ച് ജില്ല. 15ന് സമർപ്പിച്ച ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ പ്രധാനഘടകങ്ങളിലും ലക്ഷ്യം കൈവരിച്ചു. ഭവന പുനരുദ്ധാരണം ആവശ്യമായിരുന്ന 495 പേരുമായും കരാർ വെച്ച് പദ്ധതി പൂർത്തിയാക്കി. വീട് മാത്രം ആവശ്യമുള്ള 361 പേരിൽ 359 പേരുമായി കരാറിൽ ഏർപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന 133 വീടുകളിൽ 17 എണ്ണം പണി തുടങ്ങിയിട്ടില്ല. 40 എണ്ണം തറയുടെ ഘട്ടത്തിലും 43 എണ്ണം ലിന്റൽ തലത്തിലും 33 എണ്ണം മേൽക്കൂര ഘട്ടത്തിലുമാണ്. നവംബർ ഒന്നിന് മുമ്പായി സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പട്ടയത്തിലും പുരോഗതി

ചാലക്കുടി, കുന്നംകുളം, തലപ്പിള്ളി, തൃശൂർ താലൂക്കിലായി റവന്യൂ മിച്ചഭൂമി, പുറമ്പോക്ക് ഭൂമി എന്നിവയുടെ പട്ടയം അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിലും പുരോഗതി. അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായിരുന്ന നാല് ഗുണഭോക്താക്കളിലും ശ്രദ്ധ ചെലുത്തി. ഒരാൾക്ക് സഹായം ലഭ്യമാക്കി. എന്നാൽ മൂന്നുപേരിൽ രണ്ടുപേർക്ക് ദാതാവിനെ കണ്ടെത്താനായിട്ടില്ല. ഒരാൾക്കുള്ള ചികിത്സാ ധനസഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട്.

3,197 പേർ അതിദാരിദ്ര്യമുക്തർ

4,649 പേർക്കായി മൈക്രോപ്ലാനുകൾ തയ്യാറാക്കി. 3,197 പേർ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണ്ണമായും മുക്തരായി. 1,451 പേരെ 'പാർക്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താമസം മാറിയവർ (68), വാടക വീട്ടിലേക്ക് മാറിയവർ (120), മറ്റ് സഹായങ്ങൾ ആവശ്യമില്ലാത്തവർ (557), മരണപ്പെട്ടവർ (152), ബന്ധുക്കളോടൊപ്പം താമസിക്കുന്നവർ (229) തുടങ്ങിയ തുടർസഹായം ആവശ്യമില്ലാത്തവരാണുള്ളത്.


സഹായം ഉറപ്പാക്കിയവർ

ഭക്ഷണം : 1,022
ആരോഗ്യപരം: 2,535
വരുമാനം : 389
അഭയം : 1,112

വീട് നിർമ്മാണം

പൂർത്തിയായത് - 318 വീട്
പുരോഗമിക്കുന്നത് - 41

തറപ്പണി പൂർത്തിയായത് -18

വീടിനും സ്ഥലത്തിനും കരാർ
ഒപ്പുവച്ചത്- 330 പേർ
വീട് പൂർത്തിയായത്- 197 പേർ
പട്ടയം അനുവദിച്ചത് - 29 പേർ
പട്ടയത്തിന് നടപടി പുരോഗമിക്കുന്നത് - 13 പേർക്ക്‌