chantha

ചാലക്കുടി: ജനങ്ങൾക്ക് മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുകയും കർഷകർക്ക് കൂടുതൽ ആദായം ലഭിക്കുകയും ചെയ്യുന്ന ചാലക്കുടി നഗരസഭയുടെ നാട്ടുചന്ത പ്രവർത്തനം ആരംഭിച്ചു. നഗരസഭ അങ്കണത്തിൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10നാണ് ചന്ത നടക്കുക. വിവിധ കർഷക സംഘങ്ങൾ നേരിട്ട് പച്ചക്കറികൾ ഇവിടെ എത്തിക്കും. ഇടനിലക്കാരില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ആദായനിരക്കിൽ ഉത്പന്നങ്ങൾ ലഭിക്കും. അടുത്ത ദിവസം മുതൽ കൂടുതൽ ഇനങ്ങൾ എത്തിക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ സി.ശ്രീദേവി അദ്ധ്യക്ഷയായി. കെ.വി.പോൾ, സി.എസ്.സുരേഷ്, പ്രീതി ബാബു, ആനി പോൾ, തോമസ് മാളിയേക്കൽ, ജോജി കാട്ടാളൻ, പോൾ ടി.കുര്യൻ എന്നിവർ സംസാരിച്ചു.