തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം കൃഷി സമൃദ്ധി വനിതാ ഗ്രൂപ്പ് പച്ചക്കറി കൃഷി പദ്ധതിയുടെ തൈ വിതരണോദ്ഘാടനം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായി 100 വനിതാ ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഗുണമേന്മയുള്ള സങ്കരയിനം പച്ചക്കറി തൈകളായ പയർ, ചീര, മുളക്, വെണ്ട, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്. കൃഷി അസി. ഡയറക്ടർ കെ.സി.റെയ്ഹാന പദ്ധതി വിശദീകരണം നടത്തി. നാട്ടിക കൃഷി ഓഫീസർ എൻ.വി.ശുഭ, ഏങ്ങണ്ടിയൂർ കൃഷി ഓഫീസർ ചിഞ്ചു പി.ബാബു, എന്നിവർ പ്രസംഗിച്ചു.