1
1

കൊടുങ്ങല്ലൂർ: ദേശീയപാത 66ന്റെ നിർമ്മാണത്തിനായി പുല്ലൂറ്റ് മഞ്ഞനക്കാട് പുഴയിൽ നിന്നും എടുക്കുന്ന മണൽ പ്രദേശത്തെ ഇടുങ്ങിയ വഴികളിലൂടെ കൊണ്ടുപോകുന്നതുമൂലം പ്രദേശവാസികൾ ദുരിതത്തിൽ. കുറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പുഴയിൽ നിന്നും കരയിലേക്ക് മണൽ ഡ്രഡ്ജ് ചെയ്യുന്നത്. കരയിൽ എത്തുന്ന മണൽ ജെ.സി.ബി ഉപയോഗിച്ചാണ് ടോറസ് ലോറികളിൽ നിറയ്ക്കുന്നത്. മണലുമായി ടോറസ് ലോറികൾ ദിനംപ്രതി സഞ്ചരിക്കുന്നതോടെ റോഡുകൾ തകർന്ന അവസ്ഥയിലാണ്. കൂടാതെ മഴ ഒഴിഞ്ഞാൽ പ്രദേശത്ത് പൊടിശല്യം രൂക്ഷമാണ്. രോഗികളുള്ള വീട്ടുകാർ പലരും പൊടിശല്യം മൂലം വീട് മാറേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പല വീടുകളുടെയും മതിലുകൾ ഇടിഞ്ഞു വീഴാറായി. വീടുകളും വിള്ളൽ വീഴാനും സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു. ടി.കെ.എസ് പുരം മുതൽ ഇടപ്പിള്ളിവരെ ദേശീയപാത ആറുവരിപാതയായി നിർമ്മിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയറിംഗ് കമ്പനിയാണ് ഇവിടെ നിന്നും മണൽ കൊണ്ടുപോകുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും എന്നാൽ ഇത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സമാധാന ജീവിതത്തിനും തടസമാകാൻ പാടില്ലെന്നും നാട്ടുകാർ പറയുന്നു.

പ്രശ്‌ന പരിഹാരത്തിനായി ചേർന്ന യോഗത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. മണ്ണെടുപ്പ് നിറുത്തിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ അനിത ബാബു, ടി.എ.നൗഷാദ്, ഇ.എസ്.സഗീർ, പി.ജെ.ഹഫ്‌സത്ത്, ഷഹീൻ കെ.മൊയ്ദീൻ, ബാബു കെ.മേനോൻ, തുളസി അനിൽ കുമാർ, എ.എം.അബ്ദുൽ ജബ്ബാർ, അനിൽകുമാർ അശോകൻ, വി.എ.മുഹമ്മദ്, എ.ഇ.അബ്ദുൽ കാദർ, കെ.ബി.നവാസ് തുടങ്ങിയവർ സംസാരിച്ചു.