ചാലക്കുടി: നഗരസഭയിലെ സംവരണ വാർഡുകളിൽ തീരുമാനമായതോടെ ഇരുമുന്നണികളിലെയും ഭൂരിഭാഗം കൗൺസിലർമാരും വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് സൂചന. പുതുമുഖങ്ങളെ രംഗത്തിറക്കാനുള്ള സാദ്ധ്യത വിരളമാണ്. കോൺഗ്രസിൽ നിലവിലെ കൗൺസിലർമാരായ ഷിബു വാലപ്പൻ(ചെയർമാൻ), വി.ഒ.പൈലപ്പൻ, കെ.വി.പോൾ, ബിജു ചിറയത്ത്, വത്സൻ ചമ്പക്കര, ജോയ് ചാമവളപ്പിൽ, ആലീഷ് ഷിബു, ആനി പോൾ, സൂസമ്മ ആന്റണി, സൂസി സുനിൽ തുടങ്ങിയവർ മത്സരിക്കുമെന്ന് ഉറപ്പായി. നിലവിലെ മറ്റൊരു കൗൺസിലറായ എം.എം.അനിൽകുമാർ കണ്ണമ്പുഴ വാർഡിൽ മത്സരിക്കാനാണ് സാദ്ധ്യത. ചിലപ്പോൾ അനിലിന്റെ ഭാര്യയാകും സ്ഥാനാർത്ഥി. ഇരുവരും മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ജോർജ് തോമസിനെയും മത്സരിപ്പിക്കാനാണ് പാർട്ട് ആലോചിക്കുന്നത്. യു.ഡി.എഫിൽ പുതുമുഖങ്ങളായി ഒ.എസ്.ചന്ദ്രൻ, റെയ്‌സൺ ആലുക്ക എന്നിവർ മത്സരിക്കും. എൽ.ഡി.എഫിൽ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് വെട്ടുകടവ് വാർഡിൽ മത്സരിക്കും. വി.ജെ.ജോജി ഹൗസിംഗ് ബോർഡ് വാർഡിൽ സ്ഥാനാർത്ഥിയാകും. ബിന്ദു ശശികുമാർ, ബിജി സദാനന്ദൻ എന്നിവരും മത്സരിക്കും. മുൻ കൗൺസിലർ കെ.ഐ.അജിതൻ, നിതിൻ പുല്ലൻ, എം.എം.ജീജൻ എന്നിവർ എൽ.ഡി.എഫിന്റെ ഒന്നാംഘട്ട പട്ടികയിൽ ഇടംപിടിക്കും.