1
1

തൃശൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം തീരുംവരെ ബസുകൾക്ക് സർവീസ് നടത്താൻ വടക്കെ സ്റ്റാൻഡിന് സമീപത്തെ ബദൽ സ്റ്റാൻഡ് വിട്ടുകൊടുക്കും. ഇക്കാര്യം അടുത്തദിവസം തൃശൂർ ഡിപ്പോ അധികൃതരെ അറിയിക്കും. കോർപറേഷന് നൽകേണ്ട സ്ഥലവാടക സംബന്ധിച്ച കാര്യങ്ങൾ സർക്കാർ തലത്തിൽ തീരുമാനിക്കും.
സ്വകാര്യ ബസുകൾ നിറുത്തിയിടാൻ കോലോത്തുംപാടത്ത് കേരള ബാങ്കിന് പിറകിലുള്ള കോർപറേഷന്റെ രണ്ടരയേക്കർ സ്ഥലം അനുവദിക്കാനാണ് നീക്കം. എന്നാൽ ജനവാസകേന്ദ്രമായ ഇവിടെ ബസ് പാർക്കിംഗ് അനുവദിക്കരുതെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഈ നിർദേശം പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകി.
പ്രതിവർഷം 1.21 കോടി രൂപ വരുമാനം ലഭിക്കുന്നവിധം ശക്തൻ നഗറിലെ ആകാശപ്പാതയുടെയും വടക്കെ ബസ് സ്റ്റാൻഡിലെ ഫുട്ട് ഓവർബ്രിഡ്ജിന്റെയും പരിപാലനത്തിനായി സ്വകാര്യ കമ്പനിയായ സീറോ ഡിഗ്രി സമർപ്പിച്ച ടെൻഡർ അംഗീകരിച്ചു.
ശബരിമലയിൽ സർക്കാർ ഒത്താശയോടെ സ്വർണക്കൊള്ള നടത്തുന്നെന്ന് ആരോപിച്ച് പാർട്ടി പ്രതിഷേധമെന്ന നിലയിൽ പ്രതീകാത്മക സ്വർണവുമായാണ് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളഞ്ചേരി കൗൺസിലിൽ എത്തിയത്. വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചവരുടെ ഡിവിഷനുകളിലേക്കാണ് കൂടുതൽ ഫണ്ട് എത്തിയതെന്നായിരുന്നു ജയപ്രകാശ് പൂവത്തിങ്കലിന്റെ ആരോപണം.
ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കൗൺസിലർമാരായ ലാലി ജയിംസ്, ഐ.സതീഷ് കുമാർ, അനീസ് അഹമ്മദ്, നിമ്മി റപ്പായി, എ.കെ.സുരേഷ്, എബി വർഗീസ്, സിന്ധു ആന്റോ ചാക്കോള, ആൻസി ജേക്കബ്, എൻ.പ്രസാദ്, പൂർണിമ സുരേഷ്, എൻ.വി.രാധിക എന്നിവരും വിഷയങ്ങൾ അവതരിപ്പിച്ചു.

മേയർ നികുതിപ്പണം ധൂർത്തടിച്ചെന്ന് കോൺഗ്രസ്
ഭരണത്തിന്റെ അവസാന നാളുകളിൽ മേയറുടെ നേതൃത്വത്തിൽ നികുതിപ്പണം കൊണ്ട് നടത്തിയ രണ്ടു ധൂർത്തുകളും അങ്ങേയറ്റം ക്രൂരമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. മാലിന്യസംസ്‌കരണം പഠിക്കാനെന്ന പേരിൽ എട്ട് ലക്ഷം രൂപ ചെലവിലാണ് ഗോവയിലേക്ക് ടൂർ പോയത്. ലക്ഷങ്ങൾ ചെലവിട്ട് സംഘടിപ്പിച്ച വികസന സദസിൽ സി.പി.ഐ അംഗങ്ങൾ പോലും പങ്കെടുത്തില്ലെന്നും ആരോപിച്ചു. വിശദാംശങ്ങൾ മേയർ അറിയിച്ചിരുന്നെന്നും ടൂർ എന്ന് പ്രചരിപ്പിച്ചത് ഖേദകരമാണെന്നും ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഷാജൻ പറഞ്ഞു.