കയ്പമംഗലം: വൻ തുക വിനിയോഗിച്ച് സ്വന്തമായി വാങ്ങിയ കോടികൾ വിലമതിക്കുന്ന ഭൂമി പൊതുജനങ്ങൾക്കായി വിട്ടു നൽകാൻ ജനപ്രതിനിധി കൂടിയായ സി.ജെ.പോൾസൻ. ഭൂമിദാന ചടങ്ങ് ഇന്ന് രാവിലെ 10ന് നടക്കും. കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും, കഴിഞ്ഞ നാലര പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവവുമാണ് പോൾസൻ. തന്റെ മൂന്നേകാൽ ഏക്കർ വരുന്ന ഭൂമിയാണ് പൊതുകളിസ്ഥലത്തിനായി ഗ്രാമപഞ്ചായത്തിനും 11 ഭവനരഹിതർക്കും ഒരു വൃദ്ധ സദനത്തിനും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനുമായി ഇദ്ദേഹം സൗജന്യമായി വിട്ടുനൽകുന്നത്. ആർ.സി.യു.പി സകൂളിന് കിഴക്കുഭാഗത്തുള്ള, അതിരുകൾ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭൂമിയാണ് ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഭവനരഹിതരായ 10 പേർക്ക് വീട് നിർമ്മിക്കുന്നതിന് വഴി സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുള്ള മൂന്ന് സെന്റ് വീതവും, ബന്ധു കൂടിയായ ഒരാൾക്ക് 10 സെന്റും അങ്ങിനെ വഴിക്ക് നീക്കിവച്ചത് കൂടാതെ 40 സെന്റ് ഭൂമി ഭവനരഹിതർക്കും 13.6 സെന്റ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും 10 സെന്റ് ഭൂമി കൊടുങ്ങല്ലൂർ ആസ്ഥാനമായ ആശ്രയം അഗതിമന്ദിരത്തിനും ബാക്കിവരുന്ന രണ്ടര ഏക്കറോളം സ്ഥലം കയ്പമംഗലം പഞ്ചായത്തിന് കളിസ്ഥലത്തിനുമായാണ് ഇദ്ദേഹം നൽകിയിരിക്കുന്നത്. അമ്മ പരേതയായ കൊച്ചമ്മ പഠിപ്പിച്ച വിദ്യാലയമെന്നതും തന്റെ പൂർവിദ്യാലയമെന്ന നിലയിലും ആർ.സി.യു.പി സ്‌കൂളിലെ കുട്ടികൾക്ക് കളിക്കളമായി ഉപയോഗിക്കാനാകും വിധത്തിലാണ് ധാരണാപത്രമുണ്ടാക്കിയിട്ടുള്ളത്. മൂന്ന് തവണ മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട പോൾസൺ തീരപ്രദേശത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച വ്യക്തി കൂടിയാണ്.
ഒൻപത് വർഷത്തോളം അമേരിക്കയിൽ ഗ്രീൻകാർഡ് ഹോൾഡറായി കഴിഞ്ഞിരുന്ന കാലത്തെ സാമ്പാദ്യം ഉപയോഗിച്ച് 2011-12 കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയാണ് ദാനം ചെയ്യുന്നത്. പോൾസന്റെ പിതാവ് ഡോ. ജോസും ആദ്യകാല പഞ്ചായത്തംഗമായിരുന്നു. ഭാര്യ മറിയവും രണ്ടു മക്കളും അമേരിക്കയിൽ തന്നെയാണ്. അവരുമായി കൂടി ആലോചിച്ചാണ് ഈ ഭൂമിദാനം നടത്തുന്നതെന്ന് പോൾസൻ കേരളകൗമുദിയോട് പറഞ്ഞു. കയ്പമംഗലം പഞ്ചായത്ത് ഓസിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബെന്നി ബെഹ്‌നാൻ എം.പി, ഇ.ടി.ടൈസൺ എം.എൽ.എ തുടങ്ങിയ നേതാക്കളും പൗര പ്രമുഖരും, നാട്ടുകാരും സംബന്ധിക്കുന്ന ചടങ്ങിലാണ് ഭൂമിദാനം.