manal

കൊടുങ്ങല്ലൂർ. ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പുല്ലൂറ്റ് മഞ്ഞനക്കാട് ഭാഗത്ത് പുഴയിൽ ഡ്രെഡ്ജിംഗ് നടത്തി മണലെടുത്തിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരാറുകാരൻ നിറുത്തി. വി.ആർ.സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ അനിത ബാബുവും, കമ്പനി പ്രതിനിധിയും, നാട്ടുകാരും കൂടിയുള്ള യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം മണൽ സംഭരണ കേന്ദ്രത്തിൽ ബാക്കിയുള്ള ഉദ്ദേശം ആയിരം ടോറസ് ലോറി മണൽ ഒരു മാസത്തിനകം നീക്കം ചെയ്യാൻ തീരുമാനിച്ചു.

രാത്രി പത്ത് മുതൽ വെളുപ്പിന് നാല് വരെയുള്ള സമയങ്ങളിൽ ഇത് നീക്കാനാണ് തീരുമാനം. രാത്രി മുഴുവനും വളരെ ഇടുങ്ങിയ ഈ വഴിയിലൂടെയുള്ള മണൽകടത്ത് മൂലം ജനങ്ങൾ പൊറുതിമുട്ടി. രോഗികളുള്ള വീട്ടുകാർ പലരും പൊടിശല്യം കാരണം താമസം മാറ്റി. പല വീടുകളുടെയും മതിൽ ഇടിഞ്ഞുവീഴാറായി. വീടുകൾക്കും വിള്ളൽ ഉണ്ടാകാൻ സാദ്ധ്യതയേറി. കനോലികനാലിന്റെ ഈ ചെറിയ പ്രദേശത്ത് നിന്നുമാത്രം ഡ്രെഡ്ജിംഗ് നടത്തി ആയിരക്കണക്കിന് ലോഡ് മണ്ണാണ് കൊണ്ടുപോയത്. ഇനിയും ഇതുതുടർന്നാൽ വൈകാതെ കരയും ഇടിഞ്ഞ് വെള്ളത്തിലാകുമെന്ന് നാട്ടുകാരിൽ ആശങ്ക ഉയർന്നു. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. നാടിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാൻ നടത്തിയ യോഗത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ടി.എ.നൗഷാദ്, ഇ.എസ്.സഗീർ, പി.ജെ.ഹഫ്‌സത്ത്, ബാബു കെ.മേനോൻ, അഷിത റഫീഖ്, തുളസി അനിൽ കുമാർ, എ.എം.അബ്ദുൽ ജബ്ബാർ, അനിൽകുമാർ അശോകൻ, വി.എ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.