അതിരപ്പിള്ളി: വെറ്റിലപ്പാറ എക്‌സ് സർവീസ് സഹകരണ സംഘം ഭരണ സമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. തിരുവിതാംകൂർ കൊച്ചിൻ വിമുക്തഭട സഹകരണ കോളനി അസിസ്റ്റന്റ് രജിസ്ട്രാറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സംഘം ഭരണസമിതി പുറത്തായത്. ആകെ പോൾ ചെയ്ത 80 ൽ 73 അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. 7 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. സംഘത്തിന്റെ ഹോണററി സെക്രട്ടറിയായ പോൾ മുണ്ടാടൻ, പി.എം.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കും മുൻ സെക്രട്ടറിക്കുമെതിരെയുള്ള എ.ഡി.എം, ജോയിന്റ് രജിസ്ട്രാർ, അസി. രജിസ്ട്രാർ, എന്നിവരുടെ റിപ്പോർട്ടുകൾ, സംയുക്ത പരിശോധനാ റിപ്പോർട്ട്്, അഴിമതി, സംഘം ഫണ്ട് ഭരണ സമിതി അംഗങ്ങൾ കൈവശപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഘത്തിൽ റിസീവർ ഭരണം നിലവിൽ വന്നതായി ചാലക്കുടി സഹകര അസി. രജിസ്ട്രാർ അറിയിച്ചു. സംഘം സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളായ പത്മനാഭൻ, സണ്ണി കുരുവിള, രാജേന്ദ്രൻ, നന്ദകുമാർ, ഇമ്മാനുവൽ, ജയകുമാർ, മുരളീധരൻ, അനിൽകുമാർ എന്നിവരാണ്് നിലവിലെ ഭരണ സമിതിയെ പുറത്താക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.