തൃശൂർ: കെ.പി.സി.സി ഭാരവാഹിപ്പട്ടിക ജംബോയാക്കി, തൃശൂരിന് ഏഴ് ജനറൽ സെക്രട്ടറിമാരെ കിട്ടിയെങ്കിലും തൃപ്തിയില്ലാതെ നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കെ.മുരളീധരന്റെയും പക്ഷത്തുള്ളവർക്കാണ് കൂടുതൽ അതൃപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടെ നിന്ന് തോൽപ്പിച്ചെന്ന് ആരോപണമുന്നയിച്ച എം.പി.വിൻസെന്റ്, ജോസ് വള്ളൂർ എന്നിവരെ ജനറൽ സെക്രട്ടറിമാരാക്കിയതിൽ അമർഷത്തിലാണ് മുരളീധര പക്ഷം. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന പുതുമുഖങ്ങളെ തഴഞ്ഞെന്ന വിമർശനവും ഒരു വിഭാഗം ഉയർത്തുന്നു.
കെ.സി.വേണുഗോപാലിന്റെ അടുപ്പക്കാരനായ എം.പി.വിൻസെന്റാണ് ഇടഞ്ഞുനിൽക്കുന്ന മറ്റൊരാൾ. ആശിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പകരം ജനറൽ സെക്രട്ടറി പദം കിട്ടിയതിലാണ് വിൻസെന്റിന് അസംതൃപ്തി. ചില മുതിർന്ന നേതാക്കൾ ഇടപെട്ട് അന്തിമപട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ് ആരോപണം. അതേസമയം കഴിഞ്ഞ ഡി.സി.സി പ്രസിഡന്റായിരുന്നവർക്ക് മറ്റൊരു സ്ഥാനം നൽകുന്നതിന്റെ ഭാഗമാണ് ജനറൽ സെക്രട്ടറി പദമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം മേഖലാ, സാമുദായിക പരിഗണനകൾ കൂടി പരിഗണിച്ചാണ് പട്ടികയെന്ന് എ ഗ്രൂപ്പും ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഐ ഗ്രൂപ്പും വിശദീകരിക്കുന്നു. ദേശീയ നേതൃത്വം ആലോചിച്ചാണ് പുനഃസംഘടനയെന്നാണ് സതീശന്റെ പ്രതികരണം. ഇതോടെ കെ.സി.വേണുഗോപാലിനെതിരെ തന്നെ വിരൽചൂണ്ടുകയാണ് പ്രതിപക്ഷനേതാവ്.
പിന്നാക്കക്കാർക്ക് പരിഗണന !
കെ.സി.വേണുഗോപാൽ പക്ഷക്കാരനായ എം.പി.വിൻസെന്റ്, സുധാകരപക്ഷത്തുള്ള ജോസ് വള്ളൂർ, ടി.എൻ.പ്രതാപനൊപ്പം നിൽക്കുന്ന അനിൽ അക്കര, ഐ ഗ്രൂപ്പുകാരായ ടി.യു.രാധാകൃഷ്ണൻ, കെ.ബി.ശശികുമാർ, എ ഗ്രൂപ്പുകാരായ കെ.വി.ദാസൻ, സോണിയ ഗിരി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. മുൻമന്ത്രി കെ.കെ.ബാലകൃഷ്ണന്റെ മകൻ കൂടിയായ കെ.ബി.ശശികുമാർ സംവരണ മണ്ഡലമായ ചേലക്കരയിൽ മുൻപ് മത്സരിച്ചിരുന്നു. കെ.വി.ദാസൻ കൂടി ദളിത് വിഭാഗത്തിൽ നിന്നും നേതൃനിരയിലെത്തും. സോണിയഗിരിയുടെ സ്ഥാനലബ്ധിയോടെ ഈഴവ-വനിതാപ്രാതിനിധ്യവും ഉറപ്പാക്കി. വിശ്വകർമ്മ വിഭാഗത്തിൽ നിന്നുള്ള ടി.യു.രാധാകൃഷ്ണൻ മാള മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളാണ്.