പുന്നംപറമ്പ്: മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ നടവരവ് ബുക്ക് കാണാതായ സംഭവത്തിൽ ഒരു വിഭാഗം ദേവസ്വം ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി ഭക്തർ. വിശ്വാസികളെ ചൂഷണം ചെയ്ത് പകൽ കൊള്ളനടത്തുകയാണ് ഏതാനും മുതിർന്ന ഉദ്യോഗസ്ഥരെന്നാണ് ആരോപണം. 12 ലക്ഷത്തിലധികമാണ് കണക്കിലുള്ള ക്ഷേത്രത്തിലെ മാസ വരുമാനം. എന്നാൽ രസീത് എഴുതാതെ ഇതിൽ കൂടുതൽ കൊള്ളയടിച്ചെന്നും ആരോപിച്ചു. ചുറ്റുവിളക്ക് 5, 425, പൂമൂടൽ 8000 ,ഉദയാസ്തമന പൂജ 16,750, ദിവസ പൂജ 10,000 എന്നിങ്ങനെയാണ് നിരക്ക്. ഇതിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്താൽ മറ്റ് പൂജകളെല്ലാം അതിൽ ഉൾപ്പെടും. എന്നാൽ ഓരോ പൂജയ്ക്കും രസീത് നൽകാതെ പണം വാങ്ങുന്നതായും ആരോപണമുണ്ട്. ഗൂഗിൾ പേ വഴിയും പണം കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ക്ഷേത്രം ക്ഷേമ സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും.

മറ്റ് ക്ഷേത്രങ്ങളിലും ക്രമക്കേടെന്ന് സംശയം


കൊച്ചിൻ ദേവസ്വം ബോർഡ് തിരുവില്വാമല ഗ്രൂപ്പ് പനങ്ങാട്ടുകര ദേവസ്വത്തിന്റെ കീഴിലാണ് മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം. മംഗലം അയ്യപ്പൻകാവ്,പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രം,കുളപ്പരമംഗലം ശിവക്ഷേത്രം,രവിപുരം മംഗലം ശ്രീകൃഷ്ണ ക്ഷേത്രം, കോരങ്ങാട്ടുകര ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിലും വലിയ ക്രമക്കേട് നടന്നതായി സംശയമുണ്ട്.

കിരീടവും കാണാമറയത്ത്

10 വർഷം മുമ്പ് ഭഗവതിയുടെ ചെറിയ സ്വർണ കിരീടം നഷ്ടപ്പെട്ട കേസും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കിരീടം ഉരുക്കി ഗോളക നിർമ്മിച്ചു എന്നായിരുന്നു ദേവസ്വം അറിയിച്ചത്. എന്നാൽ അത്തരമൊരു ഗോളക ഇല്ലെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രം കൊള്ളക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.