തൃശൂർ: തൃശൂർ കോർപറേഷൻ, തെക്കുംകര, വള്ളത്തോൾ നഗർ, പാഞ്ഞാൾ എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബാധ വ്യാപകം. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നത്. നിലവിൽ മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളം, തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നത്, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് രോഗം പകരാൻ പ്രധാന കാരണം.
കരളിനെ ബാധിക്കും
കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗാണുക്കൾ ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 15 മുതൽ 60 ദിവസം വരെയെടുക്കും. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും(മഞ്ഞപ്പിത്തം).
ശ്രദ്ധിക്കാൻ:
1. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
2. കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.
3. മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം ചെയ്യുക
4. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
5. ഹോട്ടലുകളിലും മറ്റും പച്ചവെള്ളത്തിൽ ചൂടുവെള്ളം കലർത്താതെ പൂർണമായും തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യുക
6. മഴക്കാലത്ത് കടകളിൽ നിന്നും ജ്യൂസ്, സർബത്ത് തുടങ്ങിയ ശീതള പാനീയങ്ങളും മറ്റും ഒഴിവാക്കുക.
7. രോഗ ബാധിതരായ വ്യക്തികൾ ആഹാരം പാകം ചെയ്യുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽകണം.
8. സെപ്റ്റിക് ടാങ്കുകൾ കിണറുകളുമായി നിശ്ചിത അകലത്തിലല്ലെങ്കിൽ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും
9. കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക.
10 കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക.
ഹെപ്പറ്റൈറ്റിസ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാൻ പ്രത്യേകം ജാഗ്രത പുലർത്തണം.
ഡോ. ടി.പി. ശ്രീദേവി,
ജില്ലാ മെഡിക്കൽ ഓഫീസർ