ചാലക്കുടി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായം നൽകുമെന്ന ചെയർമാന്റെ വാഗ്ദാനം ആറുമാസമായിട്ടും നടപ്പാക്കാത്തതിനെതിരെ നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ബഹളം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് അംഗങ്ങളുടെ മുദ്രാവാക്യം വിളിയും ഭരണപക്ഷത്തിന്റെ പ്രതിരോധവും മൂലം ചെയർമാൻ ഷിബു വാലപ്പൻ യോഗം പിരിച്ചുവിട്ടു. തെരുവ് നായയുടെ വിഷത്തിൽ പ്ലക്കാർഡുകളുമായി ചെയർമാന്റെ ചേംബറിലെത്തി സി.എസ്.സുരേഷ്, വി.ജെജോജി, ബിജി സദാനന്ദൻ,ബിന്ദു ശശികുമാർ എന്നിവർ മുദ്രാവാക്യം വിളിച്ചു. എൽ.ഡി.എഫിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ.ബിജു ചിറയത്തും രംഗത്തെത്തി. പിന്നീട് ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചതോടെയാണ് ചെയർമാൻ യോഗം അവസാനിപ്പിച്ചത്. പിന്നീട് കൗൺസിൽ ഹാളിന് പുറത്ത്് പ്രതിപക്ഷം ധർണ നടത്തി.
പാലിയേറ്റീവ് കെയർ യൂണിറ്റിന് വാഹനം വാങ്ങുന്നതിന് പണം ലഭ്യമായിട്ടും അതു നടപ്പാക്കതും, പൊതുജനങ്ങൾക്ക് പ്രയോജനമില്ലാത്ത സെപ്‌റ്റേജ് മൊബൈൽ യൂണിറ്റിന് പ്രതിമാസ വാടക 1.75 ലക്ഷം രൂപയാക്കുന്ന അജണ്ടയേയും പ്രതിപക്ഷം ചോദ്യം ചെയ്തു.
കടിയേറ്റത് മൂന്നു പേർക്ക്
കൂടപ്പുഴ പ്രദേശത്ത് മൂന്നു പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവർക്ക് ചികിത്സയ്ക്ക് ചെലവായ പണം തനത് ഫണ്ടിൽ നിന്ന് നൽകുമെന്ന് ചെയർമാൻ ഉറപ്പ് നൽകിയെന്നും പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് ചൂണ്ടിക്കാട്ടി. എം.എൽ.എ സനീഷ്‌കുമാർ ജോസഫിന്റെ സാന്നിദ്ധ്യത്തിൽ ചെയർമാൻ നടത്തിയ പ്രഖ്യാപനം ഇനിയും പ്രാവർത്തികമാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.