ഗുരുവായൂർ: കൊവിഡ് ബാധിച്ചുമരിച്ച കോൺഗ്രസ് പ്രവർത്തകൻ ഓട്ടോ ഡ്രൈവർ വോൾഗ ഷൗക്കത്തിന്റെ കടബാദ്ധ്യതകൾ തീർത്ത് ആധാരമെടുത്ത് നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഷൗക്കത്തിന്റെ മാതാവ് സുഹറയ്ക്ക് ആധാരം കൈമാറി. കൊവിഡ് ബാധിച്ച് ഷൗക്കത്ത് മരിക്കുമ്പോൾ വീടിന്റെ ആധാരം ചാവക്കാട് ഫർക്ക റൂറൽ ബാങ്കിൽ പണയത്തിലായിരുന്നു. വലിയ ഒരു സംഖ്യ ബാദ്ധ്യതയുള്ള ആധാരം തിരിച്ചെടുക്കാൻ ഇനി തങ്ങൾക്കാവില്ലെന്ന് ഷൗക്കത്തിന്റെ മാതാവ് സുഹറ അന്നത്തെ എം.പി ടി.എൻ.പ്രതാപനോട് പറഞ്ഞിരുന്നു. ഈ വിവരം പ്രതാപൻ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ അറിയിച്ചു. അതോടെ വിഷയം ഗോപപ്രതാപൻ ഏറ്റെടുത്തു. ഗോപപ്രതാപന്റെ ബാങ്ക് പ്രസിഡന്റ് എന്ന നിലയിലുള്ള വേതനം പൂർണമായും വിനിയോഗിച്ച് ബാങ്കിൽ നാലര ലക്ഷം രൂപ അടച്ച് ആധാരം തിരിച്ചെടുത്തു. മറ്റ് ഡയറക്ടർമാരുടെ സിറ്റിംഗ് ഫീസും ബാങ്ക് ജീവനക്കാരുടെ സഹകരണവും തുണയായി. കൈമാറ്റ ചടങ്ങിൽ പി.ടി.അജയ് മോഹൻ, ജോസഫ് ചാലിശ്ശേരി, ബീന രവിശങ്കർ, പി.വി.ബദറുദ്ദീൻ, അരവിന്ദൻ പല്ലത്ത്, എച്ച്.എം.നൗഫൽ, കെ.വി.സത്താർ, രഞ്ജിത്ത് പാലിയത്ത് എന്നിവർ പങ്കെടുത്തു.