cleaning

ചാലക്കുടി: കോട്ടാറ്റ് പാടശേഖരത്തിൽ കർഷകർക്ക് ഭീഷണിയായ നീലക്കോഴി ശല്യം തടയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. നീലക്കോഴികളുടെ ആവാസകേന്ദ്രങ്ങളായ മണ്ണെടുത്ത കുഴികൾ വൃത്തിയാക്കലാണ് ആരംഭിച്ചത്. പാടശേഖരത്തെ ഇത്തരത്തിൽ നിരവധി കുഴികളുണ്ട്. ഇവ മുൻകാലങ്ങളിൽ ഓട്ടുകമ്പനികളുടെ ആവശ്യത്തിന് മണ്ണെടുത്ത കുഴികളാണ്. പാഴ്‌ച്ചെടികൾ വളർന്ന് കുഴികളെല്ലാം ഭീതിതമായ അവസ്ഥയിലാണ് വർഷങ്ങളായി നിൽക്കുന്നത്. ഇതിൽ രാത്രികാലങ്ങൾ കഴിച്ചുകൂട്ടിയാണ് നീലക്കോഴികൾ പകൽ നേരത്ത് പാടശേഖരത്തിൽ ഇറങ്ങുന്നത്. പാടശേഖരത്തിൽ വെള്ളം എത്തുന്ന തോട്ടിലും കോഴികൾ ചേക്കേറുന്നുണ്ട്. വ്യാപകമായ നീലക്കോഴി ആക്രമണത്തിൽ നെൽകർഷകർ നേരിടുന്ന ദുരിതം ചെറുതല്ല. ഇതിന് പരിഹാരമായാണ് കുഴികളുടെ കാടുകൾ നശിപ്പിക്കാൻ കർഷക സമിതി തീരുമാനിച്ചത്. പ്രവൃത്തിയുടെ ഉദ്ഘാടനം പടിഞ്ഞാറെ ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇട്ടൂപ്പ് ഐനിക്കാടൻ നിർവഹിച്ചു.