കൊടുങ്ങല്ലൂർ : സംവരണ സീറ്റുകളിൽ തീരുമാനമായതോടെ, നഗരസഭാ ഭരണം പിടിക്കാൻ മുന്നണികൾ മൂന്നും ആസൂത്രിത നീക്കവുമായി കളത്തിൽ. വരുന്ന തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

1979ൽ നിലവിൽ വന്ന കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതിയാണ് തുടർച്ചയായി ഭരിക്കുന്നത്.

നഗരസഭ അദ്ധ്യക്ഷ സ്ഥാനം ഇത്തവണ ജനറലാണെന്ന കണക്കുകൂട്ടലിൽ ചെയർമാൻ സ്ഥാനം മുന്നിൽ കണ്ട് നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് രണ്ട് സീറ്റ് നൽകിയെങ്കിലും 44 വാർഡിലും കോൺഗ്രസ് നേതാക്കൾ മത്സരിച്ചത് യു.ഡി.എഫിന്റെ തകർച്ചയ്ക്ക് കാരണമായിരുന്നു. ഈ പ്രശ്നം രമ്യമായി പരിഹരിച്ചാണ് മുന്നോട്ടുപോക്ക്. ഇത്തവണ നഗരസഭ വാർഡുകളിൽ രണ്ടെണ്ണം വർദ്ധിച്ച് 46 ആയി. ഇതിൽ 21 വാർഡുകൾ സ്ത്രീ സംവരണമാണ്. രണ്ട് വാർഡുകൾ പട്ടികജാതി സ്ത്രീകൾക്കും, ഒരു വാർഡ് പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 22 വാർഡുകളാണ് ജനറൽ സീറ്റ്.

സംവദിച്ച് ബി.ജെ.പി

കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രദേശത്തെ പൗരപ്രമുഖരെ കാണാനും അഭിപ്രായങ്ങൾ കേൾക്കാനുമെത്തിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും കേൾക്കാൻ ഒരു മാസം മുമ്പേ കേന്ദ്രമന്ത്രി സുരേഷ് ഗോപി കലുങ്ക് പരിപാടിയും സംഘടിപ്പിച്ചു.

വികസനസദസിൽ ഇടത്

ഇടതുമുന്നണിയാകട്ടെ വികസന സദസിലാണ്. സമസ്ത മേഖലകളിൽ നടന്ന വികസന നേട്ടങ്ങൾ സദസുകളിൽ അവതരിപ്പിച്ചും എൽ.ഡി.എഫ് നടത്തിയ നിരവധി പദ്ധതികൾ, സംരംഭങ്ങൾ എന്നിവയെക്കുറിച്ച് വിലയിരുത്തിയുമാണ് പ്രവർത്തനങ്ങൾ. ഭാവി പുരോഗതി ആസൂത്രണം ചെയ്യുകയും വികസന സദസുകളിൽ ചെയ്യുന്നുണ്ട്.

ഭിന്നത മറന്ന് യു.ഡി.എഫ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലുണ്ടായ ഭിന്നത ഇത്തവണയുണ്ടായേക്കില്ല. യു.ഡി.എഫിന് സാദ്ധ്യതയുള്ള 20 സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതപ്പെടുത്താനുമാണ് തീരുമാനം. തിരഞ്ഞെടുപ്പിനെ നേരിടാൻ നേരത്തെ മുതൽ മിഷൻ 2025 എന്ന പേരിൽ വിവിധ പരിപാടികൾ കോൺഗ്രസ് ആരംഭിച്ചിരുന്നു. നഗരസഭ സീറ്റിന് ധാരണയായിട്ടുണ്ട്. ലീഗിന് മൂന്ന് സീറ്റ് നൽകി. രണ്ട് വാർഡുകൾ മറ്റ് ഘടകകക്ഷികൾക്കായി മാറ്റി വെച്ചു.