ramesh

ചാലക്കുടി: കനത്ത മഴയെ തുടർന്ന് ജലവിതാനം ഉയർന്ന തടയണയിലൂടെ ഓടിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണ് കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടിപ്പുഴയുടെ പരിയാരം തടയണയിൽ നിന്ന് പുഴയിലേക്ക് വീണ അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ പെരുമ്പടത്തി വീട്ടിൽ രാമുവിന്റെ മകൻ രമേഷാണ് (42) മരിച്ചത്. അപകടം നടന്ന ഭാഗത്ത് നിന്നും രണ്ടു കിലോമീറ്റർ താഴെ വെട്ടുകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. അടിച്ചിലി ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന പട്ടത്ത് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് രമേഷ്. അവസാനത്തെ ട്രിപ്പിന് ശേഷം അടിച്ചിലിയിൽ ബസ് പാർക്ക് ചെയ്ത് ഇപ്പോൾ താമസിക്കുന്ന പരിയാരം ഒരപ്പനയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ വന്നതാണ്.

പരിയാരം കടവിൽ മത്സ്യം പിടിച്ചുകൊണ്ടിരുന്ന ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി ഫയർഫോഴ്‌സ് എത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ തെരച്ചിലാരംഭിച്ചു. ഉച്ചയോടെ നാട്ടുകാരാണ് വെട്ടുകടവ് പാലത്തിന് സമീപം മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിരപ്പിള്ളി പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഷിത ഭാര്യയാണ്. ഈയിടെയായിരുന്നു പരിയാരത്തേക്ക് ഇവർ താമസമാക്കിയത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണൻകുഴി ക്രിമറ്റോറിയത്തിൽ. രാവിലെ ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊതുദർശനമുണ്ടാകും. മക്കൾ : അക്ഷര, ആവണി.