മാള : മാളയുടെ പൈതൃക സ്മാരകമായ ജൂതപ്പള്ളിയുടെ മേൽക്കൂര തകർന്നിട്ട് നാല് മാസം, അനക്കമില്ലാതെ അധികാരികൾ. മുസിരിസ് പ്രൊജക്ട്‌സ് ലിമിറ്റഡിന്റെ സംരക്ഷണച്ചുമതലയിലുള്ള ഈ പുരാതന സ്മാരകത്തിന്റെ മേൽക്കൂര കനത്തമഴയിൽ ജൂൺ 12ന് തകർന്നുവീണു. തുടർന്ന് ടാർപോളിൻ വിരിച്ച് 'താത്കാലിക സംരക്ഷണം' എന്ന പേരിൽ കാര്യങ്ങൾ മറച്ചുവെച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിൽ. പുരാവസ്തു വകുപ്പിന്റെയും പൊതുപ്രവർത്തകരുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണം ശക്തമാണ്. മേൽക്കൂര തകർന്നതിന് ശേഷം മന്ത്രിമാരുടെയും എം.പിമാരുടെയും സന്ദർശനം നടന്നു, വാഗ്ദാനങ്ങൾ ഒഴുകി.
പക്ഷേ ജൂതപ്പള്ളി നിലകൊള്ളുന്നത് ഇന്നും അതേ ജീർണ്ണതയിൽ. ഇപ്പോൾ കനത്തമഴയിൽ ടാർപോളിന് കീഴിൽ വെള്ളം കയറുന്ന അവസ്ഥയിൽ ചുമരുകൾ നനഞ്ഞുകറുത്തു. സന്ദർശകരുടെ പ്രവേശനവും നിരോധിച്ചു. നിർമ്മാണപ്രവൃത്തികൾക്ക് അന്ന് 30.54 ലക്ഷം രൂപ അംഗീകാരം നൽകിയിരുന്നു. പ്രവൃത്തികൾക്ക് 18.46 ലക്ഷം കരാറുകാരൻ കൈപ്പറ്റുകയും ചെയ്തിരുന്നു. സർക്കാർ നാല് വർഷം മുമ്പ് ഏറ്റെടുത്ത അഞ്ചുസെന്റ് സ്ഥലം പോലും മതിൽകെട്ടി സംരക്ഷിക്കാനായിട്ടില്ല.
ടൂറിസ്റ്റ് സീസൺ ആരംഭിക്കുമ്പോൾ മാളയുടെ ടൂറിസം മുഖമായ ഈ സ്മാരകം അടഞ്ഞുകിടക്കുന്നത് പ്രദേശവാസികളെയും ടൂറിസം രംഗത്തുള്ളവരെയും നിരാശപ്പെടുത്തിയിരിക്കുകയാണ്. 'പൈതൃകം സംരക്ഷിക്കും' എന്ന വാക്കുകൾ പ്രസംഗങ്ങളിൽ മാത്രമേയുള്ളോയെന്ന് നാട്ടുകാരും ചോദിച്ചുതുടങ്ങി. 1954ൽ കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായിരുന്നു. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടത് സ്മാരകമാക്കി നിലനിറുത്തുകയായിരുന്നു. നിലവിൽ ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പ്രൊജക്ട്‌സ് ലിമിറ്റഡിന്റെ സംരക്ഷണത്തിലാണ്.