road

ചാലക്കുടി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ട് ഇൻഡോർ സ്‌റ്റേഡിയം പരിസരത്ത് നിന്ന് ട്രാംവെ റോഡിലേക്ക് ബൈപാസ് നിർമ്മിക്കുന്ന നഗരസഭയുടെ പ്രവർത്തനത്തിന് തുടക്കമായി. സ്ഥലം മണ്ണിട്ട് ഉയർത്തി റോഡിന്റെ ഘടന പൂർണ തോതിലാക്കലാണ് പ്രാരംഭ പ്രവൃത്തി. ആവശ്യമായി വരുന്ന രണ്ടിടത്ത് കൾവർട്ടുകളും നിർമ്മിക്കും. 40 ലക്ഷം രൂപയാണ് ട്രാംവെ റെയിൽവേ സ്റ്റേഷൻ ബൈപാസ് (യു.വി.വി) റോഡിന്റെ ആദ്യഘട്ട നിർമ്മാണത്തിന് നഗരസഭ മാറ്റിവച്ചത്. തുടർ പ്രവർത്തനങ്ങൾക്ക് എം.എൽ.എ മുഖേന സർക്കാർ ഫണ്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടു സ്വകാര്യ വ്യക്തികൾ ഉപാധി രഹിതമായി നൽകിയ 70 സെന്റ് സ്ഥലത്താണ് റോഡ് നിർമ്മാണം. വർഷങ്ങൾക്ക് മുമ്പ് പദ്ധതി തീരുമാനിച്ചെങ്കിലും നിലത്തിന്റെ പട്ടികയിലുള്ള ഭൂമിയായതിനാൽ തരം മാറ്റലിന് ഏറെ സമയം വേണ്ടിവന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ ചെയർപേഴ്‌സൻ ഷിബു വാലപ്പൻ, വികസനകാര്യ കമ്മിറ്റി ചെയർമാൻ കെ.വി.പോൾ, പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്.ചിറയത്ത്, മുൻ ചെയർപേഴ്‌സൺ എബി ജോർജ്,
വാർഡ് കൗൺസിലർമാരായ നീത പോൾ, ജോർജ് തോമാസ്, മുൻ കൗൺസിലർ യു.വി.മാർട്ടിൻ എന്നിവർ സ്ഥലത്തെത്തി.

ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെ പഴയ ദേശീയപാതയിൽ ഇന്ന് ഗതാഗതക്കുരുക്കും യാത്രാക്ലേശവും രൂക്ഷമാണ്. റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
-ഷിബു വാലപ്പൻ (നഗരസഭ ചെയർമാൻ)


പുതിയ ബൈപാസ് റോഡ്
ആവശ്യമായ സ്ഥലം-70 സെന്റ്,
നീളം-220 മീറ്റർ
വീതി-12 മീറ്റർ.
സൗജന്യമായി സ്ഥലം നൽകിയവർ: ഊക്കൻസ് ഗ്രൂപ്പ്, പുത്തൻവീട്ടിൽ വക്കച്ചൻ.

റോഡ് യാഥാർത്ഥ്യമാകുമ്പോൾ
യു.വി.വി റോഡ് പൂർത്തിയാകുമ്പോൾ ബസുകളടക്കം എല്ലാ വാഹനങ്ങൾക്കും അതിലൂടെ സഞ്ചരിച്ച് ട്രങ്ക് ജംഗ്ഷനിലൂടെ സൗത്ത് ബസ് സ്റ്റാൻഡിലേക്ക് പോകാം. നിലവിൽ ആനമല ജംഗ്ഷൻ മുതൽ ട്രങ്ക് റോഡ് ജംഗ്ഷൻ വരെയുള്ള പഴയ ദേശീയപാതയിൽ സ്ഥിരം ഗതാഗതക്കുരുക്കാണ്. ഇതുമൂലം മാള ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിപ്പാതയിലൂടെ കടന്ന് സർവീസ് റോഡിലൂടെയാണ് പോകുന്നത്.