വടക്കാഞ്ചേരി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നാടും നഗരവും തിരഞ്ഞെടുപ്പിന്റെ ചൂടിലായി. സംവരണ വാർഡ് നറുക്കെടുപ്പ് അവസാന ഘട്ടത്തിലെത്തിയതോടെ അരയും തലയും മുറുക്കി മുന്നണി പ്രവർത്തകർ ഗോദയിലിറങ്ങി. ആദ്യഘട്ടമായി തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വൈദ്യുതിത്തൂണുകളിൽ നിറയാൻ തുടങ്ങി. സീറ്റ് മോഹികളും ഉറപ്പുള്ളവരും രഹസ്യപ്രചാരണത്തിനും തുടക്കം കുറിച്ചു. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയവരും ധാരാളം. വടക്കാഞ്ചേരി നഗരസഭ ഭരണസമിതി ഇത്തവണ വല്ലാതെ ചെറുപ്പമാകും. ഇരുമുന്നണികളിലേയും പഴയ മുഖങ്ങൾ ഇത്തവണ പുതുമുഖങ്ങൾക്ക് വഴിമാറും എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ചെയർപേഴ്സൺ പി.എൻ.സുരേന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എം.ആർ.അനൂപ് കിഷോർ, പി.ആർ.അരവിന്ദാക്ഷൻ, കൗൺസിലർ മധു അമ്പലപുരം എന്നിവരും യു.ഡി.എഫ് ചേരിയിലെ കെ.അജിത് കുമാർ, എസ്.എ.എ.ആസാദ്, കെ.ടി.ജോയ് എന്നിവരുമൊക്കെ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് അണിയറ വർത്തമാനം. ഇടത് മുന്നണി സീറ്റ് വിഭജന ചർച്ചയിലേക്കും സ്ഥാനാർത്ഥി നിർണയത്തിലേക്കും ചുവടുവയ്ക്കുമ്പോൾ യു.ഡി.എഫിൽ പ്രാഥമിക ചിന്ത പോലും ആരംഭിച്ചിട്ടില്ല. വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്തുകളിലടക്കം കോൺഗ്രസിൽ ആഭ്യന്തര കലഹവും നിലനിൽക്കുന്നതായി നേതാക്കൾ തന്നെ സമ്മതിക്കുന്നു. പ്രശ്നപരിഹാരത്തിന് നിരവധി ഫോർമുലകൾ ചർച്ച ചെയ്തെങ്കിലും പരിഹാരം അകലെയാണ്. തെക്കുംകരയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്ത വിദ്യാർത്ഥിക്ക് വീട് കൈമാറുന്ന ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്. എല്ലാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യന്ത്രം ഗ്രാമീണ മേഖലയിൽ ചലിക്കാൻ തുടങ്ങിയിട്ടില്ല. എന്നാൽ എല്ലാ പഞ്ചായത്തിലും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് അവരുടെ ആത്മവിശ്വാസം.