പുന്നംപറമ്പ് : മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കൊച്ചിൻ ദേവസ്വം ബോർഡ് വഴിപാട് കൗണ്ടറിൽ നിന്ന് സുപ്രധാന രജിസ്റ്റർ നഷ്ടപ്പെട്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസും, ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണസംഘവും. ഗോപുരത്തിന് സമീപമുള്ള ദേവസ്വം കൗണ്ടറിന്റെ പൂട്ട് പൊളിച്ചാണ് രജിസ്റ്റർ കടത്തിയത്. ക്ഷേത്രം ശ്രീകോവിലിന് മുന്നിലായാണ് കൗണ്ടർ. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് സംശയം.
കേരളകൗമുദി വാർത്ത പുറത്ത് വന്നയുടൻ മുഖം രക്ഷിക്കാൻ വകുപ്പുതല അന്വേഷണവും, പൊലീസിൽ പരാതിയും നൽകിയ ദേവസ്വം ഉദ്യോഗസ്ഥർ ഇപ്പോൾ തികഞ്ഞ മൗനത്തിലാണ്. ഭരണകക്ഷി യൂണിയനുകളിൽപെട്ട ജീവനക്കാരെ സംരക്ഷിക്കാനാണ് കൂടുതൽ താല്പര്യം. അതുകൊണ്ട് മോഷണത്തിന്റെ ഗൗരവം ഇല്ലാതാക്കുന്ന നിലപാടുകളാണ് ഉദ്യോഗസ്ഥർക്ക്. നഷ്ടപ്പെട്ട ബുക്കിലെ വിവരങ്ങൾ യഥാർത്ഥ രജിസ്റ്ററിലേക്ക് പകർത്തിയിരുന്നെന്നും ഭക്തർ കാണിക്കയായി നൽകിയ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പറയുന്നു. എന്നാൽ ഏറെ തിരക്കുള്ള നവരാത്രി നാളിൽ ബുക്ക് കൊള്ളയടിച്ചത് വൻ തട്ടിപ്പിന്റെ ഭാഗമാണെന്നാണ് ഭക്തജനങ്ങളുടെ ആരോപണം. ക്ഷേത്ര ക്ഷേമസമിതി, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ മൗനവും ദുരൂഹമാണ്. ബുക്ക് നഷ്ടപ്പെട്ട വിവരം പുറത്തുവന്നയുടൻ അടിയന്തര മീറ്റിംഗ് വിളിച്ചുകൂട്ടാൻ തീരുമാനമെടുത്ത ക്ഷേത്ര ക്ഷേമ സമിതി മണിക്കൂറുകൾക്കുള്ളിൽ തീരുമാനത്തിൽ നിന്ന് മലക്കം മറിഞ്ഞു.
പല കാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗം മാറ്റിവയ്ക്കുകയാണ്. പിന്നിൽ ഭരണകക്ഷിയുടെ സമർദ്ദമുണ്ടെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി രംഗത്തുണ്ട്. പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ ദേവസ്വം വിജിലൻസിന് പരാതി നൽകി.