cor
1

തൃശൂർ: ശുചിത്വനഗരത്തിന്റെ പുരസ്‌കാരം വാങ്ങിയ കോർപറേഷനിൽ പുല്ലുവെട്ട് പോലും നടക്കുന്നില്ലെന്ന് പ്രതിപക്ഷം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കും ഭരണാധികാരികൾക്കും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നുള്ള പ്രതിപക്ഷ ആരോപണം മേയറും ശരിവച്ചു. ഹെൽത്ത് സൂപ്രണ്ടിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മേയർ എം.കെ.വർഗീസ് പറഞ്ഞു.

സി.പി.എം നേതാവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.ഷാജൻ യോഗത്തിനെത്തും മുമ്പാണ് മേയറടക്കമുള്ളവർ ആരോഗ്യവിഭാഗത്തെ പ്രതിക്കൂട്ടിലാക്കിയത്. പുല്ലുവെട്ട് യന്ത്രം കേടായതിനാലാണ് പുല്ലുവെട്ട് നടക്കാത്തത്. ഭരണസമിതിയുടെ കാലാവധി കഴിയാറായിട്ടും പുല്ലുവെട്ട് യന്ത്രം പോലും നൽകാൻ കഴിയാത്ത ഭരണസമിതിക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലനും ഉപനേതാവ് സുനിൽരാജും ജോൺ ഡാനിയേലും പറഞ്ഞു. നഗരത്തിലും പരിസരത്തും കോർപറേഷന്റെ മാലിന്യ സംസ്‌കരണവും നിലച്ചെന്ന് രാജൻ പല്ലൻ പറഞ്ഞു.

യു.ഡി.എഫിന്റെ കാലത്ത് സ്ഥാപിച്ച 12 ബയോഗ്യാസ് പ്ലാന്റും അടച്ചുപൂട്ടി. 75 കോടിയാണ് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചെലവാക്കിയത്. ഇത്രയും പരാജയപ്പെട്ട ഒരു ഭരണസംവിധാനം ഇതിന് മുമ്പുണ്ടായിട്ടില്ല. മേയറും പ്രതിപക്ഷത്തോട് യോജിച്ചതോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും വെട്ടിലായി. ഇതിനിടെ ബയോബിൻ നൽകുന്നത് മാറ്റി ഓർഗാനിക് ബിൻ ആക്കിയ നടപടിയെ ഭരണകക്ഷിയിലെ സി.പി.പോളി എതിർത്തു.

ചെമ്പുകമ്പി മോഷണം: കള്ളൻ കപ്പലിൽ തന്നെ

കോർപറേഷന്റെ പറവട്ടാനി സ്‌റ്റോറിൽ നിന്ന് അമ്പത് ലക്ഷത്തിന്റെ ചെമ്പുകമ്പി മോഷ്ടിച്ചവരെ ഇനിയും പിടികൂടാത്തത് നാണക്കേടാണെന്ന് പ്രതിപക്ഷം. കള്ളൻ കപ്പലിൽ തന്നെയുണ്ട്. പക്ഷേ മന:പൂർവം എൽ.ഡി.എഫ് ഭരണസമിതി ഇരുട്ടിൽ തപ്പുന്നു.

ശബരിമലയിലെ സ്വർണം ചെമ്പാക്കിയവർ ഇവിടെയും വന്ന് ചെമ്പ് കൊണ്ടുപോയതാണോയെന്നും പ്രതിപക്ഷത്തെ കെ.രാമനാഥൻ പരിഹസിച്ചു. ഡിവിഷനുകളിൽ നിർമ്മിച്ചിട്ടുള്ള പൂന്തോട്ടങ്ങളുടെ സ്ഥിതി പരിതാപകരമാണ്. വിവിധ പദ്ധതികൾക്കായി കോടികൾ ഒരു ഗുണവുമില്ലാതെ പാഴാക്കുന്നതിന്റെ ഉദാഹരണമാണ് അമൃതമിത്ര പദ്ധതിയെന്ന് ജോൺ ഡാനിയേൽ ആരോപിച്ചു.