ചാവക്കാട്: ചാവക്കാട് മണത്തല സർവീസ് റോഡിൽ നിർമ്മാണം നിലച്ചതോടെ വഴിമുടക്കി സിമന്റ് കട്ടകൾ. ആറു മാസങ്ങൾക്ക് മുമ്പാണ് നിർമ്മാണത്തിനായി കട്ടകൾ എത്തിച്ചത്. എന്നാൽ റോഡ് നിർമ്മാണം ആരംഭിക്കാത്തതോടെ വഴിയോരത്തും വീടുകൾക്ക് മുൻവശത്തും കട്ടകൾ കൂട്ടിയിട്ടിരിക്കുകയാണ്. പല വീടുകളിലും നാലുചക്ര വാഹനമോ ഇരുചക്ര വാഹനമോ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്. വീതി കുറഞ്ഞ സർവീസ് റോഡിൽ ഗതാഗതതടസവും വാഹനാപകടവും പതിവാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെയാണ് പ്രസിദ്ധമായ ശ്രീവിശ്വനാഥ ക്ഷേത്രവും മണത്തല ജുമാഅത്ത് പള്ളിയും മണത്തല ഗവ.ഹയർ സെക്കൻഡറി സ്‌കൂളും സ്ഥിതി ചെയ്യുന്നത്. നിരവധി തവണ ദേശീയപാത അധികൃതരെ അറിയിച്ചിട്ടും അനക്കമില്ലെന്ന് നാട്ടുകാർ പറയുന്നു.
കൂട്ടിയിട്ട കട്ടകൾ ദേശീയപാത അധികൃതർ അടിയന്തരമായി മാറ്റി ഗതാഗതത്തിന് വഴിയൊരുക്കണം.
കളത്തിൽ സഹദേവൻ
നാട്ടുകാരൻ