1
1

കൊടുങ്ങല്ലൂർ : കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിൽ കുരുങ്ങി വല നശിക്കുന്നത് മൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. ഇപ്പോഴും അപകടം തുടരുന്നതും ആവശ്യമായ നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭിക്കാത്തതും തൊഴിലാളികളുടെ ജീവിതം വറുതിയിലാക്കുന്നു.
കപ്പലപകടത്തിന് ശേഷം അഴീക്കോട് അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 15 ഓളം വള്ളങ്ങളുടെ വലകളാണ് ഇതുവരെ നശിച്ചത്. ഏതാണ്ട് രണ്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അഴീക്കോട് അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട കഷ്ണ പ്രസാദം, അയിരൂർ മഹാവിഷ്ണു, സംസം, ക്യാപ്ടൻ, വാകച്ചാർത്ത്, തത്വമസി, മണികണ്ഠൻ, ശിവശക്തി, കാരുണ്യം തുടങ്ങിയ ഒട്ടേറെ വള്ളങ്ങളുടെ ലക്ഷങ്ങൾ വിലവരുന്ന വലകളാണ് നശിച്ചത്. എന്നാൽ അഴിക്കോട് ഫിഷറീസ് അധികൃതർ ഇതു സംബന്ധിച്ചുള്ള പരാതികൾ ഒന്നും കണക്കിലെടുത്തിട്ടില്ല. മത്സ്യത്തൊഴിലാളികൾ ലക്ഷങ്ങൾ വായ്പയെടുത്താണ് വലകൾ നിർമ്മിച്ചത്. അവ കണ്ടെയ്‌നറുകളിൽ കുടുങ്ങി തകർന്നതോടെ അവരുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
കണ്ടെയ്‌നർ കപ്പൽ കമ്പനിയായ എം.എസ്.സി എലിസ 1227 കോടി രൂപ നഷ്ടപരിഹാരത്തുകയായി സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിൽ കണ്ടെയ്‌നറിൽ കുരുങ്ങി വല നശിച്ച മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

റവന്യൂ, ഫിഷറീസ് വകുപ്പ് അധികൃതർ വലനാശം സംഭവിച്ച മത്സ്യത്തൊഴിലാളികളിൽ നിന്നും വിവരശേഖരണം നടത്തി അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണം.
-ഇ.കെ.സോമൻ
(ഗാന്ധിയൻ കളക്ടീവ് ജില്ലാ ചെയർമാൻ)

നഷ്ടം അഞ്ച് മുതൽ 20 ലക്ഷം വരെ