photo-
1

മാള: സംസ്ഥാനപാതയിൽ അഷ്ടമിച്ചിറ ഉരുണ്ടോളി മൈതാനം, വടമ ഡി.വി.എൽ.പി സ്‌കൂൾ ബസ് സ്റ്റോപ്പുകൾക്കിടയിൽ പുതിയ ബസ് സ്റ്റോപ്പ് വേണമെന്ന് ആവശ്യം. വാഹനങ്ങളുടെ അമിതവേഗതയും റോഡിന്റെ ഈ ഭാഗത്തെ നടപ്പാതയുടെ അഭാവവും കാൽനടയാത്രക്കാരുടെ പേടിസ്വപ്‌നമാണ്.
ആറുമാസം മുമ്പ് അഷ്ടമിച്ചിറ എസ്.എൻ.ഡി.പി മന്ദിരത്തിന് മുന്നിൽ നടന്ന അപകടത്തിൽ കാനയുടെ മുകളിലെ സ്ലാബ് അഴുക്കുചാലിലേക്ക് വീണിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പുനഃസ്ഥാപിക്കാനായി യാതൊരു നടപടിയും സ്വീകരിച്ചില്ല. ബസുകൾ കണ്ണൻകാട്ടിൽ അമ്പലം റോഡ് ആരംഭിക്കുന്ന ഭാഗത്ത് നിറുത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് അസോസിയേഷനും ഡ്രൈവർമാർക്ക് ഇതിനുള്ള നിർദ്ദേശം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

അപകടപാതയിൽ യാത്ര ദുഷ്‌കരം
റോഡിലെ ഈ 150 മീറ്റർ ദൂരത്തിൽ കണ്ണൻകാട്ടിൽ അമ്പല പരിധിയിലുള്ള നൂറോളം വീടുകളിലെ യാത്രക്കാർ, പ്രത്യേകിച്ച് വയോജനങ്ങൾ, നിലവിലെ ബസ് സ്റ്റോപ്പുകളിലേക്ക് എത്താൻ ഈ അപകടകരമായ പാതയിലൂടെ ഏറെ ദുഷ്‌കരമായി യാത്ര ചെയ്യേണ്ടി വരികയാണ്. ഈ ഭാഗത്ത് ഹിറ്റാച്ചി ഉപയോഗിച്ച് പുല്ലും കാടും നീക്കുമ്പോൾ ഉണ്ടാകുന്ന കുഴികളും റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന പുല്ലും കാൽനടയാത്രയെ ഏറെ ദുഷ്‌കരമാക്കുന്നു. ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും ശല്യവും ഉണ്ട്.