1
1

കാറളം : ഗ്രാമസഭയിൽ വഞ്ചിക്കും വലയ്ക്കും അർഹത നേടിയിട്ടും കാറളം പഞ്ചായത്ത് അവസാന നിമിഷം ഒഴിവാക്കിയ പാരമ്പര്യ മത്സ്യത്തൊഴിലാളി കാഞ്ചന (67)യ്ക്ക് തുണയായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒന്നാം വാർഡിൽ താമസിക്കുന്ന പാരമ്പര്യ മത്സ്യത്തൊഴിലാളിയും വിധവയുമായ ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമൻ 50 വർഷത്തിലധികമായി തന്റെ പൊട്ടിപ്പൊളിഞ്ഞ വഞ്ചിയിൽ സ്വന്തമായി മീൻ പിടിച്ച് തലച്ചുമടായി വിറ്റ് ഉപജീവനം നയിക്കുകയാണ്. ഗ്രാമസഭയിൽ വഞ്ചിക്കും വലയ്ക്കും അർഹത നേടിയെങ്കിലും അപേക്ഷയും 7500 രൂപയും കൈപ്പറ്റി അവസാന നിമിഷം അവരെ പഞ്ചായത്ത് ഒഴിവാക്കുകയായിരുന്നു. കാഞ്ചനയും ദുരവസ്ഥ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉടൻ തന്നെ സുരേഷ് ഗോപി കാഞ്ചനയ്ക്ക് വഞ്ചിയും വലയും നൽകാമെന്ന് അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ നിർദ്ദേശാനുസരണം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് പിയ അനിൽ, മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ അജയൻ തറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി
സുഭാഷ് പുല്ലത്തറ, മഹിളാ മോർച്ച പ്രസിഡന്റ് സുവിത സുബീഷ്, ജില്ലാ കമ്മിറ്റിയംഗം ഭരതൻ കുന്നത്ത്, വാർഡ് കൺവീനർ ബിജു പൊന്നാരി തുടങ്ങി സഹപ്രവർത്തകരും വീട്ടിലെത്തി ഈ വിവരം നേരിട്ട് അറിയിച്ചു. കടുത്ത മാനസിക വിഷമത്തിലായിരുന്ന കാഞ്ചന ശിവരാമൻ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.