വെങ്ങിണിശ്ശേരി : സെന്ററിൽ നിന്ന് കോടന്നൂരിലേക്ക് പോകുന്ന റോഡ് തകർച്ചയിൽ. വർഷങ്ങളായി തകർച്ചയിൽ കിടക്കുന്ന റോഡിലൂടെയുള്ള വാഹന - വഴി യാത്ര ദുരിത പൂർണമാണ്. മഴ പെയ്താൽ വെള്ളക്കെട്ട് നിറഞ്ഞ് കുണ്ടും കുഴികളിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പി.ഡബ്ലു.ഡി റോഡുകൾ മെക്കാഡം ടാറിംഗ് നടത്തി ഉന്നത നിലവാരത്തിലുള്ള റോഡുകളാക്കി മാറിയിട്ടും ഇത്തരം റോഡുകളോടുള്ള അവഗണന തുടരുകയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജനപ്രതിനിധികളോടും പി.ഡബ്‌ള്യു.ഡി അധികൃതരോടും നാട്ടുകാർ ആവശ്യപ്പെട്ടു. അയ്ക്കുന്ന് പാണ്ഡവഗിരി ക്ഷേത്രം, സ്വകാര്യ പബ്ലിക് സ്‌കൂൾ, വെങ്ങിണിശേരി പള്ളി എന്നിവിടങ്ങളിലേക്കും പോകുന്ന വഴിയാണിത്. റോഡിനോട് ചേർന്ന് വീടും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡിന്റെ തകർച്ചയ്‌ക്കെതിരെ കോൺഗ്രസ് പാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ശയനപ്രദക്ഷിണ സമരവും നടത്തിയിരുന്നു.